അറവുശാലകൾ അടച്ചുപൂട്ടാനും ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിക്കാനുമാണ് തീരുമാനം
ഉത്തപ്രദേശിൽ നവരാത്രി പ്രമാണിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന നടത്തരുതെന്ന് യോഗി ആദിത്യനാഥ് സർക്കാർ. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി, അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനും ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിൽ മാംസ വിൽപ്പന നിരോധിക്കാനും സർക്കാർ നിർദ്ദേശിച്ചു.
ALSO READ: MUSIC ON! ഇനി പാട്ട് കേട്ട് സ്റ്റാറ്റസ് കാണാം
ഏപ്രിൽ ആറിന് രാമനവമിക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മൃഗങ്ങളെ കൊല്ലുന്നതും മാംസ വിൽപ്പനയും പൂർണമായും നിരോധിക്കുമെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അറവുശാലകൾ ഉടൻ അടച്ചുപൂട്ടാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള മാംസ വിൽപ്പന നിരോധനം നടപ്പിലാക്കാനും എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും, പൊലീസ് കമ്മീഷണർമാർക്കും, മുനിസിപ്പൽ കമ്മീഷണർമാർക്കും നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമൃത് അഭിജത് നിർദ്ദേശം നൽകിയതായി യുപി സർക്കാർ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
2014ലും 2017ലും പുറപ്പെടുവിച്ച ഉത്തരവുകൾ ഉദ്ധരിച്ച്, ബിജെപി സർക്കാർ, ആരാധനാലയങ്ങൾക്ക് സമീപം നിയമവിരുദ്ധമായ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും പൂർണമായും നിരോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിനായി, ജില്ലാ മജിസ്‌ട്രേറ്റുമാരുടെ അധ്യക്ഷതയിൽ ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, ഗതാഗത വകുപ്പ്, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ ഭരണകൂടം എന്നിവയിലെ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടും.