പല സര്‍വീസുകളും വൈകുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനാല്‍ വിവരങ്ങള്‍ക്ക് വിമാനക്കമ്പനികളെ ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മൂടല്‍ മഞ്ഞില്‍ വലഞ്ഞ് രാജ്യത്തെ ട്രെയിന്‍, വിമാന സര്‍വീസുകള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മൂടല്‍ മഞ്ഞ് രൂക്ഷമായത്. മൂടല്‍ മഞ്ഞ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായി ഡല്‍ഹി വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പല സര്‍വീസുകളും വൈകുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനാല്‍ വിവരങ്ങള്‍ക്ക് വിമാനക്കമ്പനികളെ ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ മാത്രം ഡല്‍ഹിയില്‍ നിന്നുള്ള നൂറോളം വിമാനങ്ങളാണ് വൈകിയത്. ഡല്‍ഹിക്കു പുറമേ, ശ്രീനഗര്‍, ചണ്ഡീഗഡ്, ആഗ്ര, ലഖ്നൗ, അമൃത്സര്‍, ഹിന്‍ഡന്‍, ഗ്വാളിയോര്‍ വിമാനത്താവളങ്ങളിലും ദൃശ്യപരത പൂജ്യത്തിലാണ്.
മൂടല്‍മഞ്ഞ് മൂലം ആകാശയാത്ര മാത്രമല്ല, ട്രെയിന്‍ ഗതാഗതവും താറുമാറായിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള അമ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ന്യൂനഡല്‍ഹി വന്ദേഭാരത് നാല് മണിക്കൂറോളം വൈകി. വാരാണസി വന്ദേഭാരത് 14 മണിക്കൂറും വൈകി.
കഴിഞ്ഞ ദിവസം ഇരുന്നൂറിലധികം വിമാനങ്ങളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ വായുമലിനീകരണവും ഗുരുതരമായി തുടരുകയാണ്. കനത്ത തണുപ്പും കനത്ത മൂടല്‍മഞ്ഞും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു. ഡല്‍ഹിയില്‍ ഇന്ന് രാവിലെയുള്ള വായുഗുണനിലവാര സൂചിക 385 ആണ്. ഇന്ന് രാവിലെ 10.02 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ താപനില. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഇതേ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തണുപ്പിനെ പ്രതിരോധിക്കാനായി ആളുകള്‍ തീകായുന്ന കാഴ്ചയാണ്.