fbwpx
തോല്‍വി, അക്രമം, വിവാദങ്ങള്‍; ഒടുവില്‍ 'ജനകീയനായി' ട്രംപിന്റെ തിരിച്ചുവരവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Jan, 2025 08:39 AM

ജനപ്രതിനിധി സഭയിലും സെനറ്റിലും ഒരുപോലെ ആധിപത്യം ഉറപ്പിച്ചാണ് ട്രംപ് രണ്ടാം ഭരണകാലം തുടങ്ങുന്നത്

WORLD

ഡൊണാള്‍ഡ് ട്രംപ്


ചരിത്രജയം സ്വന്തമാക്കിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് യു.എസിന്റെ 47മത് പ്രസിഡന്റായി സ്ഥാനമേറ്റത്. ആദ്യ ഭരണകാലത്തിനുശേഷം നേരിട്ട തിരിച്ചടികള്‍ക്കെല്ലാം മിന്നും ജയംകൊണ്ട് കണക്കുതീര്‍ത്താണ് ട്രംപ്, ലോകത്തിലെ ഏറ്റവും കരുത്താര്‍ന്ന അധികാരക്കസേരയിലേക്ക് മടങ്ങിയെത്തുന്നത്. 2004ല്‍ ജോര്‍ജ് ഡബ്ള്യു ബുഷിനു ശേഷം, ജനകീയ വോട്ടുകള്‍ നേടി വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയാണ് ട്രംപ്. ഇത്തരത്തില്‍ എല്ലാത്തരത്തിലും പൂര്‍ണ ജനപിന്തുണയോടെയാണ് ട്രംപിന്റെ രണ്ടാമൂഴം.

2016ലെ ആദ്യ ഭരണകാലത്ത്, വീണ്ടുവിചാരമില്ലാത്ത നയങ്ങളും, ബെല്ലും ബ്രേക്കുമില്ലാത്ത അഭിപ്രായപ്രകടനങ്ങളുംകൊണ്ടാണ് ട്രംപ് ശ്രദ്ധിക്കപ്പെട്ടത്. അതിനെതിരെ ജനം വിധിയെഴുതിയപ്പോള്‍, അത് അംഗീകരിക്കാന്‍ തയ്യാറാകാതെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചു. ക്യാപിറ്റോള്‍ ഹില്ലിലേക്ക് അക്രമം അഴിച്ചുവിടാന്‍ അണികളോട് ആഹ്വാനം ചെയ്തു. സകല അടവും പയറ്റി, ഒടുവില്‍ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങിയ മുന്‍ പ്രസിഡന്റ്. രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുകയും, രണ്ട് തവണയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത പ്രസിഡന്റ് എന്ന ചീത്തപ്പേരും സ്വന്തം. ഏകാധിപത്യ പ്രവണതകള്‍ പ്രകടമാക്കി ജനാധിപത്യത്തിനുമേല്‍ ആക്രമണം അഴിച്ചുവിട്ട റിപ്പബ്ലിക്കന്‍ നേതാവ്. ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയതിന് കേസുകള്‍, ക്രിമിനല്‍ കേസുകള്‍, ഏറെ വിവാദമായ ഹഷ് മണി കേസ് തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധശ്രമം വരെ. എല്ലാത്തിനുമൊടുവില്‍, അമേരിക്കന്‍ ജനതയുടെ പൂര്‍ണ പിന്തുണയോടെയാണ് അധികാരമേറുന്നത്.


ALSO READ: ജനകീയനായി രണ്ടാമൂഴം, അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റു


രണ്ട് ദശാബ്ദത്തെ യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍, ജനകീയ വോട്ടുകളും ഇലക്ടറല്‍ വോട്ടുകളും ജയിച്ച് അധികാരമേറിയവരുടെ എണ്ണം വിരളമാണ്. 2008ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ബരാക് ഒബാമ 52.9 ശതമാനം ജനകീയ വോട്ടും, 365 ഇലക്ടറല്‍ വോട്ടുകളും നേടിയാണ് അധികാരത്തിലെത്തിയത്. പക്ഷേ, 2012 എത്തുമ്പോഴേക്കും, ജനകീയ വോട്ട് ശതമാനം 51.1 ആയും ഇലക്ടറല്‍ വോട്ട് 332 ആയും കുറഞ്ഞു. 2016ല്‍ ജനകീയ വോട്ടുകളില്‍ മുന്നിലെത്തിയിട്ടും ഇലക്ടറല്‍ വോട്ടില്‍ പിന്നാക്കം പോയതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹിലരി ക്ലിന്റണ്‍ പരാജയപ്പെട്ടു. 48.2 ശതമാനം ജനകീയ വോട്ട് നേടിയ ഹിലരിയെ 46.1 ശതമാനം വോട്ട് നേട്ടിയ ട്രംപ്, 227നെതിരെ 304 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ് മറികടന്നത്. 2020ല്‍ ജോ ബൈഡനു മുന്നില്‍ ട്രംപിന് കാലിടറി. ബൈഡന്‍ 51.3 ശതമാനം ജനകീയ വോട്ടുകളും 306 ഇലക്ടറല്‍ വോട്ടും നേടിയപ്പോള്‍, ട്രംപിന്റെ നേട്ടം 46.9 ശതമാനം, 232 എന്നിങ്ങനെ ആയിരുന്നു.


ALSO READ: "അമേരിക്കയുടെ സുവര്‍ണകാലം ഇപ്പോള്‍ ആരംഭിക്കുന്നു, ഇന്നു മുതല്‍ രാജ്യം അഭിവൃദ്ധി പ്രാപിക്കും"; ആദ്യ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ്


ഇക്കുറി 49.8 ശതമാനം ജനകീയ വോട്ടും 312 ഇലക്ടറല്‍ വോട്ടുമാണ് ട്രംപ് നേടിയത്. എതിര്‍ സ്ഥാനാര്‍ഥി കമല ഹാരിസിന് 48.3 ശതമാനം ജനകീയ വോട്ടും, 226 ഇലക്ടറല്‍ വോട്ടുമാണ് നേടാനായത്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഒരുപോലെ ആധിപത്യം ഉറപ്പിച്ചാണ് ട്രംപ് രണ്ടാം ഭരണകാലം തുടങ്ങുന്നത്. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 220 അംഗങ്ങളും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് 215 അംഗങ്ങളുമാണുള്ളത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളും, ഡെമോക്രാറ്റുകള്‍ക്ക് 47 അംഗങ്ങളുമാണുള്ളത്. നാല് വര്‍ഷത്തെ ജോ ബൈഡന്‍-കമല ഹാരിസ് ഭരണത്തിനെതിരായ ജനങ്ങളുടെ വികാരം കൂടിയാണ് ട്രംപിനുള്ള വോട്ടുകളില്‍ പ്രതിഫലിച്ചത്.



Also Read
user
Share This

Popular

CRICKET
KERALA
India vs England 1st T20I | ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; റെക്കോര്‍ഡ് നേട്ടത്തില്‍ അര്‍ഷ്ദീപ് സിങ്