ഫെബ്രുവരി മൂന്നാം തീയതിയും, അഞ്ചാം തീയതിയും വടകരയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിന് പിന്നാലെ ഉയർന്നുവന്ന വിമതസ്വരചേർച്ച തുടരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ട് പോലും പ്രതിഷേധങ്ങൾക്ക് അറുതിയായില്ല. സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ദിവാകരൻ മാസ്റ്ററെ പുതിയ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിലെ ഒരു വിഭാഗം തെരുവിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ട് പോലും വഴങ്ങാൻ പാർട്ടിയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും തയ്യാറാകുന്നില്ല.
ദിവാകരൻ മാസ്റ്റർ വടകര ഏരിയയിലെ സിപിഎമ്മിൻ്റെ പ്രധാനപ്പെട്ട നേതാവാണ്. സിപിഎം വടകര ഏരിയ സെക്രട്ടറിയും, മുൻ ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ദിവാകരൻ മാസ്റ്ററെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി കേന്ദ്രങ്ങളിൽ നിന്നടക്കം പ്രതിഷേധമുയർന്നിരുന്നു. മണിയൂരിൽ മുദ്രവാക്യമുമായി ഇന്നലെ രാത്രിയും പ്രവർത്തകർ രംഗത്തിറങ്ങി. വിഭാഗീയത തുടച്ചു നീക്കി പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന മുദ്രവാക്യവുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
തുടർച്ചയായി ഉണ്ടാകുന്ന പ്രതിഷേധങ്ങളാൽ കടുത്ത സമ്മർദത്തിലാണ് ജില്ലാ നേതൃത്വം. സംസ്ഥാന സമ്മേളനത്തിന് ശേഷം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പും പ്രവർത്തകർ അംഗികരിക്കാതെ വന്നതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വടകരയിലെ ലോക്കൽ ബ്രാഞ്ച് കമ്മറ്റികൾക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
കെ. കെ. ലതിക കുറ്റ്യാടിയിൽ മത്സരിച്ച സമയത്ത് വോട്ട് ചോർച്ച തടയാൻ ദിവാകരൻ ഇടപെട്ടിട്ടില്ല എന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനമായിരുന്ന വടകരയിൽ ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടന്നിരുന്നു. മത്സരം ഒഴിവാക്കാൻ പി.കെ.ദിവകരൻ മാസ്റ്റർ ഇടപെട്ടിട്ടില്ല എന്ന എന്നാരോപണവും ചില സമ്മേളനത്തിൽ ഉയർന്നു. ഇതിനു പിന്നാലെ ജില്ലാ കമ്മിറ്റിയിൽ നിന്നും ദിവാകരനെ പുറത്താക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ഇതോടെ പ്രതിഷേധങ്ങളുമായി അണികൾ തെരുവിലിറങ്ങി.
ALSO READ: പി.കെ. ദിവാകരനെ പുറത്താക്കിയതിൽ വീണ്ടും പ്രതിഷേധം; സിപിഎം നേതൃത്വത്തിനെതിരെ വടകരയിൽ വിമതരുടെ പ്രതിഷേധം
ഫെബ്രുവരി മൂന്നാം തീയതിയും, അഞ്ചാം തീയതിയും വടകരയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.സിപിഎം ശക്തി കേന്ദ്രമായ വടകരയിലെ മണിയൂരിലും, മുടപ്പിലാവിലും, തിരുവള്ളൂരിലും ശക്തമായ പ്രതിഷേധമാണ് ദിവാകരനെ അനുകൂലിച്ചുകൊണ്ട് നടത്തിയത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടു പോലും പിന്മാറാൻ തയ്യാറാകാത്ത പ്രതിഷേധക്കാരെ അനുയയിപ്പിക്കാനുള്ള വഴിതിരയുകയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം.