നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.
തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയും അശ്ലീല പരാമർശത്തിലൂടെ വിവാദത്തിലായ വനംവകുപ്പ് മന്ത്രി കെ.പൊന്മുടിയും രാജിവെച്ചതിന് പിന്നാലെയാണ് മന്ത്രിസഭയിലെ പുനഃസംഘടന. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജിയുടെ രാജി. നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സെന്തില്‍ ബാലാജി മന്ത്രിസഭയിൽ അംഗമായത്. കഴിഞ്ഞ വർഷം സെപ്തംബറിൽ സെന്തിൽ മന്ത്രിയായി ചുമതലയേറ്റു. ജാമ്യം കിട്ടി മൂന്നാംദിവസമാണ് സെന്തില്‍ ബാലാജി മന്ത്രിസഭയിലെത്തിയത്. എന്നാൽ സെന്തില്‍ ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രാജി വെക്കാനുള്ള കോടതി നിർദേശം.
ശൈവ-വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്നാണ് വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുടെ രാജി. പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊന്മുടിയുടെ വിവാദ പരാമർശം. ഇതിൻ്റെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിൽ വൈറലായി. മന്ത്രി തമിഴ്‌നാട്ടിലെ വനിതകളെ അധിക്ഷേപിച്ചെന്ന ആരോപണവും ഉയർന്നു. സംഭവത്തിൽ പൊൻമുടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദമായതോടെ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പൊന്മുടിയെ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം 2024 സെപ്റ്റംബറിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട ടി. മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സ്റ്റാലിൻ ശുപാർശ ചെയ്തിരിക്കുകയാണ്. സെന്തിൽ ബാലാജിയുടെ കീഴിലായിരുന്ന വൈദ്യുതി, എക്‌സൈസ് വകുപ്പുകൾ യഥാക്രമം ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിനും ഭവന മന്ത്രി എസ്. മുത്തുസാമിക്കും നൽകിയിട്ടുണ്ട്. മനോ തങ്കരാജിൻ്റെ വകുപ്പ് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. പൊന്മുടി കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ്, ഖാദി മന്ത്രി ആർ.എസ്. രാജകണ്ണപ്പന് അധിക ചുമതലയായി അനുവദിച്ചതായും രാജ്ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.