27കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്
കർണാടക മുൻ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനും, മുൻ മന്ത്രി പ്രജ്വൽ രേവണ്ണയുടെ സഹോദരനുമായ ജെഡി(എസ്) എംഎൽസി സൂരജ് രേവണ്ണയെ ഞായറാഴ്ച രാവിലെ ഹാസൻ പൊലീസ് അറസ്റ്റ് ചെയ്തു. 27കാരനായ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ജെഡിഎസ് പ്രവർത്തകൻ നൽകിയ പരാതിയിൽ ശനിയാഴ്ച വൈകുന്നേരം സൂരജിനെതിരെ ഐപിസി സെക്ഷൻ 377 പ്രകാരം എഫ്ഐആർ രേഖപ്പെടുത്തിയിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡന പരാതി നൽകിയ യുവാവ് സജീവ ജെഡിഎസ് പ്രവർത്തകനാണെന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കൊല്ലങ്കി ഗ്രാമത്തിൽ വെച്ച് സൂരജിനെ കണ്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു. തങ്ങൾ ഫോൺ നമ്പറുകൾ പരസ്പരം കൈമാറിയിരുന്നു. പിന്നീട് ജൂൺ 16 നു സൂരജ് തന്നെ കാണുവാൻ ഗണിക്കടയിലെ ഫാമിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു . അവിടെ വെച്ച്, തന്നോടൊപ്പം ജീവിച്ചാൽ രാഷ്ട്രീയമായി വളരാൻ സഹായിക്കാമെന്നു പറഞ്ഞ പ്രതി, അതിനു ശേഷം മുറിയ്ക്കുള്ളിൽ വെച്ച് അനുചിതമായി സ്പർശിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എച്ച് ഡി രേവണ്ണയുടെ മറ്റൊരു മകൻ പ്രജ്വൽ മുൻപ് ലൈംഗികാരോപണ കേസിൽ അറസ്റ്റിലായിരുന്നു. ഇരയെ വൈദ്യ പരിശോധനക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.