എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിവിധ കോളേജുകളിൽ ഭരണം തിരിച്ചുപിടിച്ച് എസ്എഫ്ഐ. മലപ്പുറത്തുള്ള കോളേജുകളും, കോഴിക്കോട് സമൂതിരി ഗുരുവായൂരപ്പൻ കോളേജും, പട്ടാമ്പി സംസ്കൃത കോളേജുമാണ് എസ്എഫ്ഐ തിരിച്ചുപിടിച്ചത്.
മലപ്പുറത്ത് നിരവധി കോളേജുകളിൽ എസ്എഫ്ഐ മുന്നേറ്റം വ്യക്തമായിരുന്നു. കഴിഞ്ഞ തവണ യൂണിയൻ നഷ്ടപ്പെട്ട മഞ്ചേരി എൻഎസ്എസ് കോളേജ്, നിലമ്പൂർ മൂത്തേടം ഫാത്തിമ കോളേജ്, പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ്, കുറ്റിപ്പുറം കെഎംസിടി ലോ കോളേജ്, നിലമ്പൂർ ഗവ. കോളേജ് എന്നിവടങ്ങളിലെ യൂണിയൻ സംഘടന തിരിച്ചെടുത്തു. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് നിലമ്പൂർ മൂത്തേടം ഫാത്തിമ കോളേജ് എസ്എഫ്ഐയുടെ കൈകളിലെത്തുന്നത്. നിലമ്പൂർ ഗവ. കോളേജിലും കഴിഞ്ഞ അഞ്ച് വർഷമായി USDF ഭരണമായിരുന്നു.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ ഭരണവും എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. പട്ടാമ്പി ഗവ.കോളേജിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ ഉൾപ്പെടെ മുഴുവൻ ജനറൽ സീറ്റുകളും കരസ്ഥമാക്കിയായിരുന്നു എസ്എഫ്ഐ വിജയം. 40 വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ വർഷം കെഎസ്‍യു യൂണിയൻ ഭരണം പിടിച്ചെടുത്തിരുന്നു.
അതേസമയം എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. പാർട്ടിയെ മാധ്യമങ്ങൾ വളഞ്ഞിട്ടാക്രമിച്ചെന്നും ഇതിന് വിദ്യാർഥികൾ നൽകിയ മറുപടിയാണ് വിജയമെന്നും ആർഷോ പറഞ്ഞു. ഒപ്പം തിരിച്ചടിയുണ്ടായ കോളേജുകളിൽ പരിശോധന നടത്തും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.