മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ഷഹബാസിന്റെ മാതാപിതാക്കളായ റംസീനയും ഇഖ്ബാലും മാധ്യമങ്ങളോട് പറഞ്ഞു
താമരശേരി ഷഹബാസ് വധക്കേസിൽ തങ്ങൾക്ക് നീതി കിട്ടണമെന്ന് കുടുംബം. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ഷഹബാസിന്റെ മാതാപിതാക്കളായ റംസീനയും ഇഖ്ബാലും മാധ്യമങ്ങളോട് പറഞ്ഞു.
"ഇതുവരെ അന്വേഷണം നല്ല രീതിയിൽ ആണ് പോയത്. മുന്നോട്ടും അന്വേഷണം നല്ല രീതിയിൽ പോകണം. മകന്റെ കൊലപാതകത്തിൽ വിദ്യാർഥികൾക്ക് മാത്രം അല്ല പങ്ക്. മുതിർന്നവരുടെ പങ്ക് പുറത്തുവന്നതാണ്. അവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പ്രതികൾക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. പ്രതികൾ എല്ലാവരും പരീക്ഷ എഴുതി. നാളെ ഇവിടെ കേറിവന്ന് ഞങ്ങളെ ഉപദ്രവിക്കില്ല എന്നതിന് എന്താണ് ഉറപ്പ്. നഞ്ചക്ക് കൈയിൽ വച്ചയാളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല" ഷഹബാസിന്റെ മാതാപിതാക്കളായ റംസീനയും ഇഖ്ബാലും മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: "റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കം"; പെരുമ്പിലാവ് കൊലപാതകത്തിൽ പ്രതികളുടെ മൊഴി പുറത്ത്
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് ഷഹബാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കപ്പിൾ ഡാൻസ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചുപോയപ്പോൾ വിദ്യാർഥികൾ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കി. ട്യൂഷൻ സെൻ്റർ അധികൃതർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും, കളിയാക്കിയത് പകയായി മനസിൽ കൊണ്ട് നടന്ന സുഹൃത്തുക്കൾ അവസരം കിട്ടിയപ്പോൾ ആസൂത്രിതമായി ഷഹബാസിനെ കൊലപ്പെടുത്തുകയായിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്,കണ്ണൊന്നും ഇല്ല, എന്നു തുടങ്ങി ആക്രമത്തിന് നേതൃത്വം നൽകിയ കുട്ടികളുടെ സന്ദേശങ്ങൾ ഷഹബാസിൻ്റെ മരണശേഷം പുറത്തുവന്നിരുന്നു. തികച്ചും ആസൂത്രിതമായ നീക്കമാണ് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ചാറ്റുകളിൽ നിന്നും വ്യക്തമാകുന്നു.
പ്രതികളായ അഞ്ച് വിദ്യാർഥികളെയും പൊതുപരീക്ഷ എഴുതാൻ സമ്മതിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. താമരശ്ശേരി സ്കൂളിൽ മറ്റ് വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിവിധ യുവജന വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. പിന്നാലം വിദ്യാർഥികൾ പരീക്ഷ എഴുതിയ വെള്ളിമാട്കുന്ന് ഒബ്സർവഷൻ ഹോമിന് മുന്നിൽ വിവിധ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധം നടത്തിയിരുന്നു.