കുട്ടികളെ അടിച്ചതിലും ഇവർക്ക് പങ്കുണ്ടായിരുന്നു.രക്ഷിതാക്കളുടെ പിന്തുണയും സ്വാധീനവും കൊണ്ട് കേസ് പിന്നീട് ഒതുക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു
കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ. മകനെ ആക്രമിച്ച സംഘത്തിലെ 3 പേർ കഴിഞ്ഞ വർഷവും കുട്ടികളെ മർദിച്ച കേസിൽ പ്രതികളായിരുന്നുവെന്ന് ഇക്ബാൽ പറഞ്ഞു.
"കഴിഞ്ഞവർഷം ജനുവരി 6 ന് താമരശേരി ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ ട്രൈസ് ട്യൂഷൻ സെൻ്ററിൽ നിന്നും ഇറങ്ങി വരികയായിരുന്ന പെൺകുട്ടികൾ അടക്കമുള്ള വരെ മർദിച്ച കേസിൽ പ്രതികളായിരുന്നു ഇവർ. കുട്ടികളെ അടിച്ചതിലും ഇവർക്ക് പങ്കുണ്ടായിരുന്നു. രക്ഷിതാക്കളുടെ പിന്തുണയും സ്വാധീനവും കൊണ്ട് കേസ് പിന്നീട് ഒതുക്കുകയായിരുന്നു", പിതാവ് പറഞ്ഞു. അതുകൊണ്ടുതന്നെ അന്വേഷണത്തിൽ വിശ്വാസം ഉണ്ടെങ്കിലും ആശങ്കയുണ്ടെന്നും ഇക്ബാൽ കൂട്ടിച്ചേർത്തു.
ഇന്നലെ പുലർച്ച 12.30നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് പ്രാഥമിക വിവരം. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിൻ്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
ALSO READ: EXCLUSIVE | ലഹരി വാങ്ങാൻ പണം കണ്ടെത്താൻ ശ്രമം; കൊച്ചിയിൽ സ്‌കൂൾ വിദ്യാർഥികളുടെ മോഷണം
ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കപ്പിൾ ഡാൻസ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചുപോയപ്പോൾ വിദ്യാർഥികൾ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കി. ട്യൂഷൻ സെൻ്റർ അധികൃതർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും, കളിയാക്കിയത് പകയായി മനസിൽ കൊണ്ട് നടന്ന സുഹൃത്തുക്കൾ അവസരം കിട്ടിയപ്പോൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: താമരശേരി കൊലപാതകം: അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്
ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്,കണ്ണൊന്നും ഇല്ല, എന്നു തുടങ്ങി ആക്രമത്തിന് നേതൃത്വം നൽകിയ കുട്ടികളുടെ സന്ദേശങ്ങൾ ഷഹബാസിൻ്റെ മരണശേഷം പുറത്തുവന്നിരുന്നു. തികച്ചും ആസൂത്രിതമായ നീക്കമാണ് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ചാറ്റുകളിൽ നിന്നും വ്യക്തമാകുന്നു.