സംഘപരിവാർ അനുകൂലിയായാൽ ക്യാമ്പസുകളിൽ സ്ഥാനമാനങ്ങൾ ലഭിക്കുമെന്നതിന്റെ പച്ചയായ ഉദാഹരണമാണ് ഷൈജ ആണ്ടവന്റെ നിയമനമെന്നാണ് വിദ്യാർഥി സംഘടനകളുടെ വിമർശനം
ഗോഡ്‌സയെ പ്രകീർത്തിച്ച പ്രൊഫസർ ഷൈജ ആണ്ടവനെ കോഴിക്കോട് എൻഐടി ഡീൻ ആക്കി നിയമിച്ചതിൽ ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച നടത്തി വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐയും കെഎസ്‍യുവുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് നിയമനടപടികൾ തുടരുന്നതിനിടെയാണ്, മാനദണ്ഡങ്ങൾ മറികടന്ന് കോഴിക്കോട് എൻഐടിയിലെ പ്ലാനിങ് ആന്റ് ഡെവല്പമെന്റ് ഡീനായി ഷൈജ ആണ്ടവനെ നിയമിച്ചത്.
സംഘപരിവാർ അനുകൂലിയായാൽ ക്യാമ്പസുകളിൽ സ്ഥാനമാനങ്ങൾ ലഭിക്കുമെന്നതിന്റെ പച്ചയായ ഉദാഹരണമാണ് ഷൈജ ആണ്ടവന്റെ നിയമനമെന്നാണ് വിദ്യാർഥി സംഘടനകളുടെ വിമർശനം. എൻഐടിയിലേക്കുള്ള കെഎസ്‌യു മാർച്ചിൽ സംഘർഷമുണ്ടായി. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു കെഎസ്‌യു പ്രവർത്തകർ എൻഐടിയിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് കടന്ന് എൻഐടിയുടെ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശി. 50ഓളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസമാണ് പ്രൊഫസര്‍ ഷൈജ ആണ്ടവനെ പുതിയ ഡീനാക്കി നിയമിച്ചുകൊണ്ടുള്ള എന്‍ഐടിയുടെ ഉത്തരവിറങ്ങുന്നത്. സീനിയോരിറ്റി മറികടന്നാണ് നിയമനമെന്ന ആരോപണം പിന്നാലെ ഉയർന്നിരുന്നു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഡോ. പ്രിയ ചന്ദ്രന്‍ ഡീന്‍ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ ഡീന്‍ ആക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഏപ്രില്‍ ഏഴ് മുതലാണ് പുതിയ പദവി.
2024 ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് കൃഷ്ണരാജ് എന്നയാള്‍ പങ്കുവെച്ച പോസ്റ്റിന് കീഴിലാണ് സമാനമായ രീതിയില്‍ ഷൈജ ആണ്ടവനും കമന്റ് ചെയ്തത്. 'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗോഡ്‌സെയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണരാജ് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ട്' എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. വിവാദ സംഭവത്തോട് അനുബന്ധിച്ച് എടുത്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഷൈജ ആണ്ടവന്‍.