ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലകളിലെ മോശം പ്രവണതകളെ നിരന്തരം ചോദ്യം ചെയ്തിരുന്ന അച്ഛൻ തിലകൻ്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഷമ്മി തിലകൻ ആദ്യം രംഗത്തെതിയത്
AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കൂട്ട രാജിക്ക് പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്നായിരുന്നു നടൻ്റെ ആദ്യ പ്രതികരണം. ആരോപണ വിധേയർ മാത്രം രാജി വെക്കുന്നതായിരുന്നു ഉചിതമെന്നും നടൻ വ്യക്തമാക്കി.
കാലത്തിൻ്റെ കാവ്യ നീതിയാണോ ഈ കൂട്ടരാജിയെന്ന ചോദ്യത്തിൽ അച്ഛനോട് ചെയ്ത കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ശരിയാണെന്നായിരുന്നു ഷമ്മിയുടെ ഉത്തരം. അതേസമയം AMMA യുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ചിലർ മാത്രമാണ് പ്രശ്നമെന്നും നടൻ അഭിപ്രായപ്പെട്ടു. ഇത് തന്നെയാണ് തിലകനും പറഞ്ഞിരുന്നത്. ഇവർ തന്നെയാണ് പവർ ഗ്രൂപ്പ്. നേതൃത്വം മാറിയാൽ AMMA യിലേക്ക് മടങ്ങി വരാനുള്ള സാധ്യത തള്ളികളയാനാകില്ലെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
മോഹൻലാലിൻ്റെ മൗനം കാരണം ബലിയാടായ ആളാണ് താൻ എന്നും കൂട്ടരാജിക്ക് പിന്നാലെ നടൻ ആവർത്തിച്ചു. താൻ പ്രതിപക്ഷത്തല്ല ശരിയുടെ പക്ഷത്താണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ് കാണിക്കുകയാണ് വേണ്ടതെന്നും നടൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലകളിലെ മോശം പ്രവണതകളെ നിരന്തരം ചോദ്യം ചെയ്തിരുന്ന അച്ഛൻ തിലകൻ്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഷമ്മി തിലകൻ ആദ്യം രംഗത്തെത്തിയത്. പിന്നാലെ റിപ്പോർട്ടിൽ AMMA പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പാലിക്കുന്ന മൗനത്തെയും ഷമ്മി തിലകൻ ചോദ്യം ചെയ്തിരുന്നു.
ALSO READ: സ്ത്രീപോരാട്ടത്തില്‍ തകര്‍ന്നുവീണ AMMA-യുടെ ആണധികാരവാഴ്ച; മൂന്ന് പതിറ്റാണ്ടിനിടെ ആദ്യം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ, പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ AMMA എക്സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവച്ചു. ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിയെന്നാണ് സംഘടന പുറത്തുവിട്ട കത്തില്‍ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരുമെന്നും സംഘടന അറിയിച്ചു. സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്.