അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം
പാറശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തി.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഐപിസി 302 - കൊലപാതകം, ഐപിസി 364- കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, ഐപിസി 328- ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക, ഐപിസി 203 അന്വേഷണത്തെ വഴിത്തിരിച്ച് വിടുക എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയത്.
556 പേജുള്ള വിധി പകര്‍പ്പില്‍ ഗ്രീഷ്മ ചെയ്ത ക്രൂരകൃത്യങ്ങള്‍ കോടതി എണ്ണിയെണ്ണി വിവരിച്ചു. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരേയും കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിനനുസരിച്ച് അന്വേഷണ രീതി മാറ്റി അതിസമര്‍ത്ഥമായി കേസ് അന്വേഷിച്ചതായി കോടതി നിരീക്ഷിച്ചു. 259 ചോദ്യങ്ങളാണ് പ്രതികളോട് ചോദിച്ചത്. 57 സാക്ഷികളെ വിസ്തരിച്ചു.
വിധി കേള്‍ക്കാന്‍ ഷാരോണിന്റെ കുടുംബം രാവിലെ കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും ഗ്രീഷ്മയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ രാവിലെ പ്രതികരിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ ഗ്രീഷ്മയേയും കോടതിയില്‍ എത്തിച്ചിരുന്നു.
കേസില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടിരുന്നു. കഷായത്തില്‍ കളനാശിനി കലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഷാരോണിനെ ഒഴിവാക്കാന്‍ പലവഴി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി.
2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.
ഗ്രീഷ്മ ഒരു തരത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ചെകുത്താന്റെ ചിന്തയാണ് ഗ്രീഷ്മയ്‌ക്കെന്നും മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ കേസാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ പോലും പ്രതിക്ക് മനസ്താപം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
22 വയസ് മാത്രമുള്ള തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്നുമാണ് ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടത്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഷാരോണിന്റെ സ്വഭാവമെന്നും, അയാള്‍ക്ക് സമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും ഗ്രീഷ്മ വാദിച്ചു.
കേസിന്റെ നാള്‍ വഴി:
2022 ഒക്ടോബര്‍ 13 - ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു
2022 ഒക്ടോബര്‍ 14 - വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായവും ജ്യൂസും നല്‍കി. തിരിച്ചു പോകുന്നതിനിടെ അവശനായ ഷാരോണ്‍ പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടി
2022 ഒക്ടോബര്‍ 15- ഷാരോണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
2022 ഒക്ടോബര്‍ 18- ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷാരോണിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
2022 ഒക്ടോബര്‍ 20- ആശുപത്രിയില്‍ മജിസ്ട്രേറ്റ് എത്തി ഷാരോണിന്റെ മൊഴിയെടുത്തു. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കഷായം കഴിച്ചിരുന്നെന്നും എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണിന്റെ മൊഴി
2022 ഒക്ടോബര്‍ 21- പാറശാല പൊലീസ് ഷാരോണിന്റെ മൊഴിയെടുത്തു
2022 ഒക്ടോബര്‍ 25- ആശുപത്രിയില്‍ വെച്ച് ഷാരോണ്‍ മരിച്ചു
2022 ഒക്ടോബര്‍ 26- കുടുംബം പൊലീസില്‍ പരാതി നല്‍കി
2022 ഒക്ടോബര്‍ 28- ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്ന് പാറശാല പൊലീസ്
2022 ഒക്ടോബര്‍ 29- കേസ് ക്രൈം ബ്രാഞ്ച് എറ്റെടുത്തു.
2022 ഒക്ടോബര്‍ 30- ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു
2022 ഒക്ടോബര്‍ 31- ഗ്രീഷ്മയുടെ അറസ്റ്റ് ചെയ്തു. കഷായത്തില്‍ തുരിശ് കലര്‍ത്തിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
2022 നവംബര്‍ 1- പൊലീസ് സ്റ്റേഷനില്‍ ടോയ്ലെറ്റ് ക്ലീനര്‍ കഴിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
2023 ജനുവരി 25- കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.
2023 സെപ്റ്റംബര്‍ 26- കേസില്‍ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2024 ഒക്ടോബര്‍ 15 - കേസില്‍ വിചാരണ ആരംഭിച്ചു. രണ്ട് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയായി
2025 ജനുവരി 17- ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും പ്രതികളാണെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.