മോദി-ട്രംപ് കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു
ശശി തരൂർ
യുഎസിൽ നടന്ന നരേന്ദ്ര മോദി-ട്രംപ് കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ പ്രോത്സാഹനജനകമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വലിയ ആശങ്കകൾ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തതായിട്ടാണ് കരുതുന്നതെന്ന് തരൂർ പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.
ട്രംപ്- മോദി കൂടിക്കാഴ്ചയിൽ ഇന്ത്യക്ക് എഫ്-35 സ്റ്റെൽത്ത് വിമാനങ്ങൾ വിൽക്കാനുള്ള തീരുമാനം വിലമതിക്കപ്പെട്ടതാണെന്ന് ശശി തരൂർ പറഞ്ഞു. എഫ്-35 അത്യാധുനിക സംവിധാനങ്ങളുള്ള വിമാനമാണ്. നമ്മുടെ പക്കൽ ഇപ്പോൾ റഫേൽ വിമാനങ്ങളുണ്ട്. ഇനി ഈ വിമാനം കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന വളരെ നല്ല നിലയിലേക്ക് എത്തുമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
Also Read: കുംഭമേള തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്
മോദി-ട്രംപ് കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നും സ്റ്റാൻഡിങ് കമ്മിറ്റിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് വിശദീകരണം പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പത്രക്കുറിപ്പുകൾ പ്രോത്സാഹനജനകമാണ്. ഉദാഹരണത്തിന്, വ്യാപാരം, താരിഫ് എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ ചില വലിയ ആശങ്കകൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു. വാഷിംഗ്ടണിൽ നിന്നുള്ള ചില തിടുക്കത്തിലുള്ള തീരുമാനങ്ങൾ നമ്മുടെ കയറ്റുമതിയെ ബാധിക്കുമെന്ന ഭയം നിലനിന്നിരുന്നതിനാൽ ഇത് വളരെ നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നു. രണ്ടാമതായി, അനധികൃത കുടിയേറ്റ വിഷയത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാൻ വിട്ടുപോയ ഒരേയൊരു കാര്യം, തിരിച്ചയച്ച വ്യക്തികളോട് എങ്ങനെയാണ് യുഎസ് പെരുമാറിയതെന്നായിരുന്നു", തരൂർ പറഞ്ഞു. യുഎസ് പ്രസിഡന്റും അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നത് ട്രംപാണ് മധ്യസ്ഥത എന്ന കലയിൽ അഗ്രഗണ്യൻ എന്നാണ്. എന്നാൽ ട്രംപ് തന്നെ മോദിയെ തന്നേക്കാൾ മികച്ച മധ്യസ്ഥൻ എന്ന് വിളിച്ചത് അശ്ചര്യപ്പെടുത്തിയതായും ശശി തരൂർ കൂട്ടിച്ചേർത്തു.
Also Read: പരപുരുഷനോട് ലൈംഗികതയില്ലാത്ത പ്രണയമെങ്കില്‍ ഭാര്യയുടേത് വിശ്വാസവഞ്ചനയല്ല; മധ്യപ്രദേശ് ഹൈക്കോടതി
സാധരണയായി നാറ്റോ രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കുമാണ് എഫ്-35 സ്റ്റെൽത്ത് വിമാനങ്ങൾ യുഎസ് വിൽക്കുക. ഇന്ത്യയ്ക്ക് സ്റ്റെൽത്ത് വിമാനങ്ങൾ വിൽക്കാനുള്ള യുഎസിന്റെ തീരുമാനം ഈ നിലപാടിൽ നിന്നുള്ള മാറ്റമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് ഈ തീരുമാനം കളമൊരുക്കുകയും കൂടുതൽ ആഴത്തിലുള്ള പങ്കാളിത്തത്തിന് വഴിയൊരുക്കുകയും ചെയ്യും. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപും മോദിയും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയത്. എന്നാൽ തീരുമാനത്തെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ഇരുവരും പങ്കുവച്ചില്ല. കരാർ യാഥാർഥ്യമാകാൻ കൂടുതൽ സമയമെടുക്കുമെന്നും ധാരാളം ചർച്ചകൾ ഉൾപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നേതാക്കളുടെ സംയുക്ത പ്രസ്താവനയിൽ എഫ്-35 നെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിരുന്നില്ല. എന്നാൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും കടലിനടിയിലെ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചുള്ള നയം യുഎസ് പുനഃപരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.