മർദിച്ച് അവശയാക്കിയ യുവതിയെ അഞ്ചംഗ സംഘം മൂന്ന് ദിവസമാണ് തടവിൽ പാർപ്പിച്ചത്
തൃശൂർ നഗരത്തിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി. നാലുദിവസത്തോളം പൂട്ടിയിടപ്പെട്ട യുവതിയെ മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് പൊലീസ് കണ്ടെത്തിയത്. മർദിച്ച് അവശയാക്കിയ യുവതിയെ അഞ്ചംഗ സംഘം മൂന്ന് ദിവസമാണ് തടവിൽ പാർപ്പിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ മനക്കൊടി സ്വദേശിയായ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ തട്ടിക്കൊണ്ട് പോയ കേസിലും അടിപിടി കേസിലും അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലിയേക്കരയിലെ കോഫി ഷോപ്പിൽ ഉണ്ടായ അടിപിടി കേസിലെ പ്രതികളെ അന്വേഷിച്ച് എത്തിയ പൊലീസ് സംഘമാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ നായരങ്ങാടി സ്വദേശി ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശി അഭിനാഷ് പി. ശങ്കർ, അളഗപ്പനഗർ സ്വദേശി ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശി ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ചു എന്നിവരാണ് അറസ്റ്റിലായത്. അഞ്ചംഗ സംഘം പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജോലിക്കാരനായ പശ്ചിമബംഗാൾ സ്വദേശി അബ്ദുളിനെ മർദിച്ച കേസിലെ അന്വേഷണമാണ് വഴിത്തിരിവായത്. മർദനത്തിന്റെയും തട്ടിക്കൊണ്ടു പോകലിന്റെയും സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാള ലഭിച്ചു.