വിദ്യാര്‍ഥിനിക്ക് വിഷാദരോഗമുണ്ടായിരുന്നിരിക്കാമെന്നാണ് സൂചന
കൊൽക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. ഡോക്ടറായ അമ്മ ജോലി ചെയ്യുന്ന കമർഹട്ടി ഇഎസ്ഐ ആശുപത്രി ക്വാർട്ടേഴ്സിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച പെൺകുട്ടി.
പെൺകുട്ടി ഫോൺകോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. പിന്നാലെ ഹോസ്റ്റൽ മുറിയിലെത്തി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഇവർ മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ വിദ്യാർഥിനിയെ കമര്‍ഹാടിയിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിക്ക് വിഷാദരോഗമുണ്ടായിരുന്നിരിക്കാമെന്നാണ് സൂചന. സംഭവസമയത്ത് വിദ്യാർഥിനി മുറിയിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും പൊലീസ് കണ്ടെടുത്തിട്ടില്ല. പെൺകുട്ടിയുടെ പിതാവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചരിക്കുകയാണ്. സംഭവത്തില്‍ കമര്‍ഹാടി പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം മകളുടെ മരണത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)