സർക്കാരിൻ്റെയടക്കം മറുപടിക്കായി ഹർജി ഈ മാസം 19ലേക്ക് മാറ്റി
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലവിൽ 32 കേസുകളിൽ അന്വേഷണം നടന്നതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. വസ്തുതയില്ലാത്തതിനെ തുടർന്ന് ഇതിൽ നാലെണ്ണം അവസാനിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടന്ന 14 കേസുകളിൽ ആറെണ്ണത്തിൽ കൂടി എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സർക്കാരേതടക്കം മറുപടിക്കായി ഹർജി ഈ മാസം 19ലേക്ക് മാറ്റി.
കേസിലെ അന്വേഷണ പുരോഗതി നോഡൽ ഓഫീസർ ജി. പൂങ്കുഴലി കോടതിയിൽ ഹാജരായി അറിയിക്കുകയായിരുന്നു. 32ൽ നാല് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്ത് പൊലീസ് മേധാവിയുടെ അനുമതിക്കു വിട്ടിരിക്കുകയാണ്. പരാതിക്കാരായ മേക്കപ്പ് ആർടിസ്റ്റുകൾക്ക് സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസും കോടതിയിൽ ഹാജരാക്കി. മാർഗരേഖയുമായി ഡബ്ല്യുസിസി നൽകിയ ഹർജിയിൽ നിർമാതാക്കളുടെ സംഘടനയും കക്ഷി ചേർന്നിട്ടുണ്ട്. എല്ല പരാതിക്കാരേയും എസ്ഐടി ബന്ധപ്പെട്ടോ എന്ന് ഡബ്ല്യുസിസി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പരാതിയിൽ പേരുള്ള എല്ലാവരേയും ബന്ധപ്പെട്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ALSO READ: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
അതേസമയം രഞ്ജിത്തിനെതിരായ യുവാവിൻ്റെ പീഡന പരാതിയിലെ കേസന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി പരാതിക്കാരനായ സജീർ രംഗത്തെത്തി. കർണാടക പൊലീസ് തെളിവെടുപ്പ് നടത്തിയ ഹോട്ടൽ അല്ല കർണാടക ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നതെന്നാണ് യുവാവിൻ്റെ പക്ഷം. താജ് ഗേറ്റ് വേ ഹോട്ടലിലേക്കാണ് രഞ്ജിത്ത് തന്നെ കൊണ്ടുപോയത്. ഈ ഹോട്ടൽ കർണാടക പൊലീസിന് കാണിച്ചു കൊടുത്തിരുന്നു. ഇവിടെയെത്തി തെളിവെടുപ്പും നടന്നു. എന്നിട്ടും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മറ്റൊരു ഹോട്ടലിൻ്റെ പേരാണ് പരാമർശിക്കുന്നതെന്ന് സജീർ പറയുന്നു.
വിഷയത്തിൽ കർണാടക പോലീസിനെ രഞ്ജിത്ത് സ്വാധീനിച്ചിട്ടുണ്ടാകാനമെന്നാണ് പരാതിക്കാരൻ്റെ വാദം. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സജീർ വ്യക്തമാക്കി. രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പ്രഥമദൃഷ്ട്യാ കള്ളമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. രഞ്ജിത്തിനെതിരെ പരാതി നൽകിയ വ്യക്തി കള്ളം പറയുകയാണെന്നും കോടതി നിരീക്ഷിച്ചു. രഞ്ജിത്ത് 2012ൽ ബെംഗളൂരുവിലെ താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവാവിൻ്റെ പരാതി.