ചൊവ്വാഴ്ച രാത്രി മുന്നറിയിപ്പുകളൊന്നുമില്ലാതെ രാജ്യത്ത് യൂന്‍ സുക് യോല്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു
ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോലിനെ പുറത്താക്കിയില്ലെങ്കില്‍ അത് രാജ്യത്തെ ജനങ്ങളെ വലിയ അപകടത്തിലാക്കുമെന്ന് ഭരണപക്ഷ പാർട്ടി തലവന്‍. യൂനിനെ പാർലമെന്‍റ് ഇംപീച്ച് ചെയ്യുമെന്ന സൂചന കൂടിയാണ് ഇത് നല്‍കുന്നത്. ചൊവ്വാഴ്ച രാത്രി മുന്നറിയിപ്പുകളൊന്നുമില്ലാതെ രാജ്യത്ത് യൂന്‍ സുക് യോല്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വന്തം പാർട്ടിയില്‍ നിന്നുള്‍പ്പെടെ സൈനിക ഭരണത്തിനെതിരെ എതിർപ്പ് ഉയർന്നതിനെ തുടർന്ന് നിയമം പിന്‍വലിക്കുകയായിരുന്നു.
"(യൂന്‍) പ്രസിഡൻ്റ് പദവിയിൽ തുടരുകയാണെങ്കിൽ, സൈനിക നിയമ പ്രഖ്യാപനത്തിന് സമാനമായ തീവ്രമായ പ്രവർത്തനങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഇത് റിപ്പബ്ലിക് ഓഫ് കൊറിയയെയും പൗരന്മാരെയും വലിയ അപകടത്തിലാക്കും," പീപ്പിൾ പവർ പാർട്ടി (പിപിപി) തലവൻ ഹാൻ ഡോങ്-ഹൂന്‍ അടിയന്തര പാർട്ടി നേതൃയോഗത്തിൽ പറഞ്ഞു. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ യൂന്‍ സൈന്യത്തിന് നിർദേശം നല്‍കിയതായും ഹാന്‍ ആരോപിച്ചു.
Also Read: രാഷ്ട്രീയ നാടകങ്ങൾ അവസാനിച്ചു; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യോൽ
പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ശനിയാഴ്ച വൈകുന്നേരം പ്രസിഡൻ്റിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. യൂന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടിയും പ്രവർത്തകരും നല്‍കിയ പരാതിയില്‍ ദേശീയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇംപീച്ച്‌മെൻ്റിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ പരസ്യ നിലപാട്. എന്നാല്‍ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള യൂനിന്‍റെ നീക്കത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഈ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ സാധ്യതയുണ്ടെന്നും ഹാൻ അറിയിച്ചു.
പ്രോസിക്യൂട്ടർമാരായി വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിക്കുകയും യൂനിൻ്റെ ആദ്യ നീതിന്യായ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തിനോട് ഏറ്റവും അടുത്ത വ്യക്തിയായാണ് ഹാനിനെ മുന്‍പ് കണക്കാക്കിയിരുന്നത്. എന്നാൽ, ഹാൻ പാർട്ടി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിപിപി നേതാവാകുകയും ചെയ്തതോടെ അവരുടെ ബന്ധം വഷളാകുകയായിരുന്നു. ഹാന്‍ പക്ഷത്തെ 18 നിയമനിർമാതാക്കൾ യൂനിൻ്റെ പട്ടാള നിയമത്തെ മറികടക്കാൻ പ്രതിപക്ഷ നിയമനിർമാതാക്കളുമായി വോട്ട് ചെയ്തിരുന്നു.
അതേസമയം, 2016 ൽ അന്നത്തെ പ്രസിഡൻ്റ് പാർക്ക് ഗ്യൂൻ ഹൈയുടെ ഇംപീച്ച്‌മെൻ്റ് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പിപിപിയിലെ ഒരു വിഭാഗത്തിന്‍റെ വാദം. പാർക്ക് ഗ്യൂനിന്‍റെ ഇംപീച്ച്‌മെൻ്റ് യാഥാസ്ഥിതികരായ ഗ്രാൻഡ് നാഷണൽ പാർട്ടിയുടെ പിളർപ്പിനും പ്രസിഡൻ്റ്, പൊതു തെരഞ്ഞെടുപ്പുകളിൽ ലിബറലുകളുടെ വിജയത്തിനും കാരണമായി തീർന്നിരുന്നു. യൂനിൻ്റെ ഇംപീച്ച്‌മെൻ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പിപിപിയിലെ ഉന്നത നേതാക്കളുടെ യോഗം ഇന്ന് ചേരും.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നെന്നും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് യൂന്‍ ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് ആറു മണിക്കൂറിന്‍റെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. പീപ്പിൾ പവർ പാർട്ടിയിലെ വലിയ ഒരു വിഭാഗവും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും ഒരുപോലെ ഈ നീക്കത്തെ എതിർക്കുകയായിരുന്നു.
Also Read: അലെപ്പോയ്ക്ക് പിന്നാലെ സിറിയയിലെ ഹമാ നഗരവും പിടിച്ചെടുത്ത് വിമതർ