അധികൃതർ ഇടപെടും എന്ന പ്രതീക്ഷയിൽ പക്ഷിയുടെ ദയനീയവസ്ഥക്ക് കൂട്ടിരിക്കുകയാണ് നാട്ടുകാർ
കണ്ണൂർ ഉളിക്കലിൽ കേസിൽ പെട്ട് സീൽ ചെയ്ത കെട്ടിടത്തിനുള്ളിൽ അങ്ങാടിക്കുരുവി കുടുങ്ങി. കേസിൽ പെട്ടതിനാൽ കോടതി ഉത്തരവില്ലാതെ കെട്ടിടം തുറന്ന് പക്ഷിയെ പുറത്തെത്തിക്കാനാവില്ല. അധികൃതർ ഇടപെടും എന്ന പ്രതീക്ഷയിൽ നാട്ടുകാർ പക്ഷിയുടെ ദയനീയവസ്ഥക്ക് കൂട്ടിരിക്കുകയാണ്.
ഇന്നലെയാണ് കണ്ണൂർ ഉളിക്കൽ ടൗണിൽ പുതുതായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിനുള്ളിലേക്ക് അങ്ങാടിക്കുരുവി വന്നു കയറിയത്. ഗ്ലാസ്സിലെ ചെറിയ ദ്വാരത്തിലൂടെ അകത്തേക്ക് കയറിയ പക്ഷിക്ക്, പുറത്തേക്ക് പോകാൻ സാധിച്ചില്ല. പക്ഷിയിപ്പോൾ പുറത്തേക്ക് പോകാൻ പെടാപാട് പെടുകയാണ്. മാസങ്ങൾക്ക് മുമ്പ് വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കെട്ടിടം സീൽ ചെയ്തത്.
സമീപത്തെ വ്യാപാരികളും ടാക്സി തൊഴിലാളികളും വെള്ളവും തീറ്റയും ചില്ലു കൂടിനുള്ളിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ ഇത് പൂർണമായും ഫലം കണ്ടിട്ടില്ല. വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കളക്ടർ ഉത്തരവിട്ട ശേഷം കെട്ടിടത്തിൻ്റെ ഷട്ടർ തുറന്ന് പക്ഷിയെ പുറത്തെത്തിക്കാമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.