മയക്കുമരുന്ന് ഉപയോഗവും സിറിഞ്ചുകളും മറ്റും മാറി മാറി ഉപയോഗിക്കുന്നതുമാവാം കാരണമെന്ന് - എആർടി സെന്റർ നോഡൽ ഓഫീസർ ഡോ. വൈഭവ് കുമാർ വ്യക്തമാക്കി.
15 മാസത്തിനുള്ളിൽ 477 പേർക്ക് എച്ച്ഐവി അസാധാരണമായ ഈ വ്യാപനത്തിന്റെ ആശങ്കയിലാണ് പ്രകൃതിസൗന്ദര്യത്തിനും ടൂറിസത്തിനും പേരുകേട്ട ഡെറാഡൂണിലെ കുമയൂൺ. മയക്കുമരുന്ന് ഉപയോഗമാകാം ഞെട്ടിപ്പിക്കുന്ന ഈ വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.മേഖലയെ ഒന്നാകെ ആശങ്കയിലാക്കിക്കഴിഞ്ഞു കുമയൂണിലെ എച്ച്ഐവി നിരക്ക്.
പ്രകൃതിസൗന്ദര്യത്തിന്റെ ഏറ്റവും മനോഹര കാഴ്ച്ചയുള്ള മേഖലയാണ് ഉത്തരാഖണ്ഡിലെ കുമയൂൺ ഡിവിഷൻ. ആറ് ജില്ലകൾ ചേർന്നതാണ് ഈ മേഖല. ഇവിടെ എച്ച്ഐവി വ്യാപനം അസാധാരണ തോതിലാണ് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ആരോഗ്യവകുപ്പാണ് പുറത്തുവിട്ടത്. ഹൽദ്വാനി ആന്റി-റെട്രോവൈറൽ സെന്റർ ഡേറ്റ പ്രകാരം 2024 ജനുവരിയ്ക്കും 2025 മാർച്ചിനുമിടെ 477 എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഡെറാഡൂണിലെ ഹൽദ്വാനി സർക്കാർ ആശുപത്രിയിലെ ഡോക്ടർ സുഷില തിവാരി ഇക്കാര്യം ശരിവെക്കുന്നു.
ഓരോ ദിവസവും പുതിയതായി അഞ്ച് എച്ച്ഐവി ബാധിതരെ കണ്ടെത്തുന്നുവെന്നതാണ് ആശങ്ക ജനിപ്പിക്കുന്ന കാര്യം. ഇതൊരു ഗൗരവ വിഷയമാണ്. വലിയ തോതിൽ എച്ച്ഐവി വ്യാപനമുണ്ട്. മയക്കുമരുന്ന് ഉപയോഗവും സിറിഞ്ചുകളും മറ്റും മാറി മാറി ഉപയോഗിക്കുന്നതുമാവാം കാരണമെന്ന് - എആർടി സെന്റർ നോഡൽ ഓഫീസർ ഡോ. വൈഭവ് കുമാർ വ്യക്തമാക്കി. രോഗബാധിതരിൽ ഭൂരിഭാഗവും ലഹരി ഉപയോഗിക്കുന്നവരെന്ന് കണ്ടെത്തിയതായും അധികൃതർ പറയുന്നു.
2010 മുതൽ മാർച്ച് 2025 വരെ ഹൽദ്വാനി എആർടി മെഡിക്കൽ സെന്ററിൽ മാത്രം 4,824 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതിൽ 880 പേർ ഇതിനകം മരിച്ചു. 450 പേരെ റഫറൽ ആശുപത്രികളിലേക്ക് മാറ്റി. 816 പേർ നിരീക്ഷണത്തിലാണ്. 2,536 പേർ ചികിത്സയിലും. ഇപ്പോൾ കണ്ടെത്തിയ 477 കേസുകളിൽ 370 പുരുഷന്മാരും 98 പേർ സ്ത്രീകളും 8 കുട്ടികളും ഒരു ട്രാൻസ്ജെൻഡറുമാണുള്ളത്. ഇതിൽ 38 കേസുകൾ ഹൽദ്വാനി ജയിലിൽ നിന്നാണ്.
ചില എൻജിഒ സംഘടനകൾ മേഖലയിൽ ബോധവത്ക്കരണവും രോഗികൾക്ക് സഹായങ്ങളും നൽകുന്നുണ്ടെങ്കിലും കൂടുതൽ വലിയ ഇടപെടലുണ്ടാകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എച്ച്ഐവി സ്ഥിരീകരിക്കപ്പെട്ടാൽ പലരും ട്രീറ്റ്മെന്റിന് എത്തുന്നില്ലെന്നും ഇവർ പറയുന്നു. ആരോഗ്യ മന്ത്രാലയം ഏറ്റെടുത്തിരിക്കുകയാണ് ഈ അടിയന്തര സാഹചര്യം.