fbwpx
SPOTLIGHT | വിഐപികള്‍ക്ക് വേറെ കുംഭമേളയും പുണ്യവുമോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Feb, 2025 10:51 AM

പ്രയാഗ് രാജില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് അറിയാം, പതിനായിരം പേര്‍ ഒരു മണിക്കൂറില്‍ സ്‌നാനം നടത്തുക എന്നതുപോലും ഉള്‍ക്കൊള്ളാനാവാത്ത സംഖ്യയാണെന്ന്.

SPOT LIGHT


പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മുപ്പതിലേറെ തീര്‍ഥാടകരാണ് മരിച്ചത്. നൂറിലേറെപ്പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനു മുന്‍പ് പൂര്‍ണ കുംഭമേള നടന്ന 2013ലും സമാനരീതിയില്‍ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ മരിച്ചു. ഇപ്പോള്‍ നടന്നത് പൂര്‍ണ കുംഭമേളയല്ല. 144 വര്‍ഷത്തിനു ശേഷം നടക്കുന്നത് എന്ന പ്രഖ്യാപനവുമായി വന്ന മഹാകുംഭമേളയാണ്. 45 ദിവസം കൊണ്ട് 45 കോടി ആളുകള്‍ വന്നുപോകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച മേള. 45 ദിവസത്തിനിടെ 15 കോടി ആളുകള്‍ വന്നാല്‍ പോലും ഇപ്പോഴത്തെ ഒരുക്കങ്ങള്‍ മതിയാകില്ലെന്ന് ദുരന്തനിവാരണ വിദഗ്ധരും സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയതാണ്. ഈ ആളുകള്‍ മുഴുവന്‍ കാത്തുനിന്നത് ഏതെങ്കിലും ഒരു ദിവസം വന്ന് സ്‌നാനം നടത്തി മടങ്ങാനല്ല. പുണ്യദിവസമെന്ന് വ്യാപകമായി പ്രചാരണം നടത്തിയ മൗനി അമാവാസി ദിനം എത്താനാണ്. ആ ദിവസത്തെ സ്‌നാനത്തിനായി തിരക്കുകൂട്ടിയവരാണ് കൊല്ലപ്പെട്ടത്. വന്ന തീര്‍ഥാടകരല്ല, കുറ്റക്കാര്‍. ഈ സ്‌നാനത്തിന് ഇങ്ങനെ ഒരാള്‍ക്കൂട്ടം എത്തുമെന്ന് അറിഞ്ഞിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാത്ത ഭരണകൂടമാണ്. വിഐപികള്‍ക്കും സാധാരണക്കാര്‍ക്കും രണ്ടുതരം സംവിധാനം ഒരുക്കിയതാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.


വിഐപികള്‍ക്കു വേറെ കുംഭമേളയും പുണ്യവുമോ?


മഹാകുംഭമേള ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടനച്ചടങ്ങായാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞ 45 കോടി ആളുകള്‍ എത്തുക എന്ന സാധ്യതയെക്കുറിച്ച് സംശയം ഉന്നയിക്കുന്നവരുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയായ 142 കോടിയിലെ മൂന്നിലൊന്നും അവിടെ എത്തുക എന്നത് അസംഭവ്യമാണെന്ന് കരുതുന്നവരാണ് ഏറെയും. റോഡ് മാര്‍ഗവും അധികമായി അനുവദിച്ച 300 ട്രെയിന്‍ സര്‍വീസ് വഴിയും അവിടെ 45 ദിവസത്തിനിടെ 5 കോടി ആളുകള്‍ വരുന്നു എന്നുതന്നെ കരുതുക.അങ്ങനെയാണെങ്കില്‍പ്പോലും 11 ലക്ഷം ആളുകളാണ് ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഉണ്ടാവുക. മൗനി അമാവാസിയില്‍ അത് നാലു മടങ്ങ് അഥവാ 45 ലക്ഷം വരെയാകാം. ഒരു ദിവസം 45 ലക്ഷം ആളുകളെ കൈകാര്യം ചെയ്യാനുള്ള എന്തു സൗകര്യമാണ് പ്രയാഗ് രാജില്‍ ഒരുക്കിയിരുന്നത്. ഇത് അഞ്ചുകോടി തീര്‍ഥാടകര്‍ മാത്രമാണ് എത്തുക എന്ന കണക്കില്‍ നിന്ന് ഉണ്ടാക്കുന്നതാണ്. സംഘാടകര്‍ പറയുന്നതുപോലെ 45 കോടിയല്ല 30 കോടിയാണ് വരുന്നത് എന്നു കരുതുക. അങ്ങനെയെങ്കില്‍പ്പോലും മൗനി അമാവാസി ദിവസം മാത്രം രണ്ടുകോടി തീര്‍ഥാടകര്‍ എത്തണം. തുറസായ അഞ്ഞൂറു ഹെക്ടറില്‍ താഴെ മാത്രം സ്ഥലവും ഒരു ലക്ഷം ടെന്റുകളുമായി എങ്ങനെയാണ് ഇത്രയും ആളകളെ ഉള്‍ക്കൊള്ളുന്നത്. പ്രയാഗ് രാജില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ക്ക് അറിയാം, പതിനായിരം പേര്‍ ഒരു മണിക്കൂറില്‍ സ്‌നാനം നടത്തുക എന്നതുപോലും ഉള്‍ക്കൊള്ളാനാവാത്ത സംഖ്യയാണെന്ന്. ഗംഗയും യമുനയും പിന്നെ സങ്കല്‍പ്പത്തിലെ സരസ്വതിയും സംഗമിക്കുന്നു എന്നു പറയുന്ന ആ സ്ഥലത്ത് ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഒരു സമയം നില്‍ക്കാന്‍ കഴിയുക.


തീര്‍ത്ഥാടനത്തിന് വേണ്ടേ രജിസ്‌ട്രേഷന്‍?

ഇത്തവണത്തെ ശബരിമല തീര്‍ഥാടനമാണ് ഒരു മാതൃകയായി എടുക്കേണ്ടത്. പ്രയാഗ് രാജില്‍ എത്തുന്നതിന്റെ പത്തിലൊന്നുപോലും മകരവിളക്ക് ദിനംപോലും എത്തുന്നില്ല എന്നതു ശരിയാണ്. പക്ഷേ, മുന്‍കൂട്ടി റിസര്‍വ് ചെയ്യാത്തവര്‍ക്ക് പ്രവേശനം ഇല്ല എന്നൊരു നിയമം വയ്ക്കുകയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള വഴി. ഓരോ കൈകളിലും സ്മാര്‍ട് ഫോണ്‍ ഉള്ളകാലത്ത് രജിസ്‌ട്രേഷന്‍ ബാലികേറാമലയല്ല. വരുന്ന ഓരോരുത്തര്‍ക്കും ചെന്നുനില്‍ക്കാവുന്ന സ്‌നാനഘട്ടങ്ങള്‍ വരെ ഇതുവഴി തീരുമാനിക്കാന്‍ കഴിയും. ഇതൊന്നും അറിയാത്തവരല്ല, രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇത്തവണ അപകടസമയത്ത് സംഭവിച്ചതു നോക്കുക. നമ്മള്‍ ഇപ്പറഞ്ഞതുപോലെ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. അതു വിഐപികള്‍ക്കായിരുന്നുവെന്നു മാത്രം. ആയിരത്തിന് അടുത്തുമാത്രം വരുന്ന അവര്‍ക്കു പോകാനായി പകുതി വഴികള്‍ മാറ്റിവച്ചു. പാര്‍ക്കിങ്ങിലെ നാലിലൊന്ന് സ്ഥലം വിഐപികള്‍ക്കായി മാറ്റിവച്ചു. അവര്‍ക്കായി ഹെലിപാഡുകള്‍ക്കു സ്ഥലം കണ്ടെത്തി. ആഡംബര വാഹനങ്ങള്‍ക്ക് സ്‌നാനഘട്ടത്തിന് അടുത്തുവരെ എത്താന്‍ സൗകര്യമൊരുക്കി. ആയിരത്തോളം വരുന്ന വിഐപികള്‍ പകുതി സ്ഥല സൗകര്യം ഉപയോഗിച്ചു എന്നര്‍ത്ഥം. പൊലീസിന്റെ സുരക്ഷാ സംവിധാനത്തിലെ അറുപതു ശതമാനവും നിലയുറപ്പിച്ചത് വിഐപികളുടെ സുരക്ഷയ്ക്കാണ് എന്നാണ് ആരോപണം. ബാക്കി പകുതി സ്ഥലത്ത് സംഘാടകര്‍ അവകാശപ്പെടുന്നതുപോലെയാണെങ്കില്‍ കോടിക്കണക്കിന് തീര്‍ഥാടകര്‍ ഇടിച്ചുനിന്നു.

മഹാസ്‌നാനത്തിനു വന്നു നിന്നവര്‍

പ്രായോഗികമായ ഏറ്റവും കുറഞ്ഞ എണ്ണമെടുത്താല്‍ തന്നെ 45 ലക്ഷമെങ്കിലും വന്നു നിന്നത് ഈ പരിമിത സ്ഥലത്താണ്. മൗനി അമാവാസിയിലെ സ്‌നാനം പുണ്യമാണെന്നു കരുതുന്നവരാണ്. അതും 144 വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്നത്. ഒരു മനുഷ്യായുസ്സില്‍ ഒരുതവണ. ഈ ദിവസം കഴിഞ്ഞ് അന്‍പത്, അറുപതു വര്‍ഷം വരെ ജനിക്കുന്നവരുടെ ആയുസ്സില്‍ ഇങ്ങനെ ഒന്ന് ഉണ്ടാവുകയുമില്ല. രാജ്യത്തെ ശരാശരി ആയുസ്സ് 74 ആണ് എന്ന കണക്കെടുത്താല്‍ ഇനിയും 70 വര്‍ഷം കഴിഞ്ഞു ജനിക്കുന്നവര്‍ക്കു മാത്രമാണ് അടുത്ത മഹാകുംഭമേളയ്ക്കു സാക്ഷിയാവാന്‍ കഴിയുക. അത്ര മഹത്തരമെന്ന് വാഴ്ത്തപ്പെട്ട സ്‌നാനത്തിനായാണ് ഈ വിഐപി, വിവിഐപി സ്‌നാഘട്ടങ്ങള്‍ ഒരുക്കിയത്. വിഐപികള്‍ക്കും വിവിഐപികള്‍ക്ക് പ്രത്യേക പുണ്യം പാടില്ല എന്ന് കേരള ഹൈക്കോടതി ഓര്‍മിപ്പിച്ചത് അടുത്ത നാളുകളിലാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് ശബരിമലയില്‍ പ്രത്യേക സൗകര്യം ഒരുക്കി എന്ന കേസിലായിരുന്നു വിമര്‍ശനം. തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ അവര്‍ ഓരോരുത്തരും വിഐപികളാണ്.

വിഐപികള്‍ക്കു വേറെ സ്‌നാനഘട്ടം

മൗനി അമാവാസിയിലെ ഏറ്റവും പുണ്യമെന്നു കരുതുന്ന സമയമായ പുലര്‍ച്ചെ ഒരുമണികഴിഞ്ഞുള്ള സമയത്തായിരുന്നു അപകടം. സ്‌നാനഘട്ടത്തിനു പരിസരത്തുപോലും എത്താന്‍ കഴിയാത്ത ആയിരങ്ങള്‍ വലിയ തിരക്കില്ലാത്ത വിഐപി വഴികളിലേക്ക് ഇടിച്ചു കയറി. അവരെ പൊലീസ് തടഞ്ഞു. ആ തിക്കും തിരക്കുമാണ് അപകടത്തിലേക്കു നയിച്ചത്.

ഇത്രയേറെ ആളുകള്‍ എത്തിയ മേളയില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മണിക്കൂറുകള്‍ എടുത്തു. വിളിച്ചാല്‍ കിട്ടുന്ന അകലത്തില്‍ ആംബുലന്‍സുകളോ വൈദ്യ സഹായമോ ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും സമയത്ത് ചികില്‍സ കിട്ടാത്തവരാണെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. വിഐപി റോഡുകളില്‍ നിന്നല്ലാതെ സാധാരണക്കാരുടെ വഴികളില്‍ നിന്ന് ആശുപത്രികളിലേക്കു നേരിട്ടുള്ള പാതകളും ഉണ്ടായിരുന്നില്ല. വിശ്വാസം ഭരണഘടനാപരമായി സംരക്ഷണമുള്ള സംഗതിയാണ്. പക്ഷേ, അവിടെ വിവിഐപിമാരും വിഐപിമാരും കൂലിക്കാരും എന്ന ഭേദമില്ല. ഭരണഘടനയ്ക്കുമുന്നില്‍ എല്ലാവരും സമന്മാരാണ്. അതുപോലെ എല്ലാ മതങ്ങളും പഠിപ്പിക്കുന്ന ആദ്യപാഠവും ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്നതാണ്. ആ തുല്യത ലംഘിച്ചതിന്റെ അപകടമാണ് അമൃത സ്‌നാനം നടക്കുന്ന സംഗം ഘട്ടില്‍ ഉണ്ടായത്. ഉത്തരവാദിത്തം ആത്യന്തികമായി സംസ്ഥാന സര്‍ക്കാരിനു തന്നെയാണ്.

KERALA
അപകീര്‍ത്തി കേസ്: രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂര്‍ എംപിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
Also Read
user
Share This

Popular

CRICKET
MALAYALAM MOVIE
ജെയിൻ യൂണിവേഴ്‌സിറ്റിയുടെ വിവാദപരസ്യം: 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നോട്ടീസ്