ഖനനം ചെയ്യാന്‍ ആരംഭിക്കുന്നതോടെ പ്രദേശത്തെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ഒന്നാമത്തെ പേടി. മത്സ്യത്തൊഴിലാളികള്‍ക്ക് മേഖലയിലൂടെയുള്ള യാത്രപോലും തടസ്സപ്പെടുമെന്നത് രണ്ടാമത്തെ പ്രശ്‌നം.
കേരളതീരത്തോടു ചേര്‍ന്നുള്ള ആഴക്കടലില്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നിസ്സഹായരായി നോക്കിനില്‍ക്കേണ്ട സ്ഥിതിയിലാണ് മല്‍സ്യത്തൊഴിലാളികളും സംസ്ഥാനവും. ഖനനം നടത്തുന്നത് സംസ്ഥാനത്തിന്റെ നിയന്ത്രണാധികാരത്തിനു വെളിയിലുള്ള സ്ഥലത്താണ്. ഖനനം പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്കു വിട്ടുകൊടുത്താണ് കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ കേരള തീരത്തിനു വെളിയില്‍ ഒരു പ്രത്യേക അധികാര മേഖല സ്വകാര്യ കമ്പനിയുടെ കൈവശം വരികയാണ് എന്നാണ് ആശങ്ക. സഹസ്രകോടികളുടെ നിക്ഷേപം വേണ്ട ഈ പദ്ധതി ഏറ്റെടുക്കാന്‍ വരുന്നത് വന്‍കിട കോര്‍പ്പറേറ്റുകളാകും. അവര്‍ നിയന്ത്രിക്കുന്ന പ്രത്യേക മേഖലയിലൂടെ യാത്രപോലും മുടങ്ങും എന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികള്‍. ഇപ്പോള്‍ ലേലം പ്രഖ്യാപിച്ചിരിക്കുന്ന കൊല്ലം മേഖലയിലെ മൂന്നു ബ്ലോക്കുകളിലായി മാത്രം മുപ്പതിനായിരം ടണ്‍ മണല്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതു ഖനനം ചെയ്യാന്‍ ആരംഭിക്കുന്നതോടെ പ്രദേശത്തെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ഒന്നാമത്തെ പേടി. മത്സ്യത്തൊഴിലാളികള്‍ക്ക് മേഖലയിലൂടെയുള്ള യാത്രപോലും തടസ്സപ്പെടുമെന്നത് രണ്ടാമത്തെ പ്രശ്‌നം.
കടല്‍ മണല്‍ ഖനനം കേരളം അറിയേണ്ടേ?
കൊല്ലം തീരത്തു നിന്ന് മണല്‍ ഖനനം നടത്താന്‍ ഉത്തരവിടുമ്പോള്‍ അതു സംസ്ഥാനം കൂടി അറിയേണ്ടതാണ്. അത് മര്യാദയുടെ പുറത്തു മാത്രമല്ല, ഭരണഘടനാപരമായ ബാധ്യതകൂടിയാണ്. എന്തുകൊണ്ടെന്നാല്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ അനുബന്ധം 246 അനുസരിച്ച് മീന്‍പിടിത്തം സംസ്ഥാന വിഷയമാണ്. കായലുകളിലേയും അഴിമുഖത്തേയും മാത്രമല്ല, 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലിലേലും മത്സ്യബന്ധനം ഒരു സംസ്ഥാന വിഷയമാണ്. ഈ മേഖലയില്‍ മണല്‍ കോരാന്‍ തുടങ്ങിയാല്‍ പിന്നെ മീന്‍ മാത്രമല്ല ഞണ്ടും ആമയും പോലുള്ള മറ്റു ജീവികളും ഇല്ലാതാകും. തീരക്കടലിന്റെ ആവാസവ്യവസ്ഥ തകരും. അതു ഉള്‍നാടന്‍ ജലാശയങ്ങളേയും ബാധിക്കും. കടലില്‍ ഉണ്ടാകുന്ന മാറ്റം കായലിലെ മീന്‍പിടത്തവും അവതാളത്തിലാക്കും. ശരിക്കും സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണ് ഇപ്പോഴത്തെ മണല്‍ വാരല്‍ നടക്കാന്‍ പോകുന്നത്. കേന്ദ്രം ന്യായീകരിക്കുന്നത് 2002ലെ ഓഫ്‌ഷോര്‍ മിനറല്‍ ആക്ടാണ്. ഇതനുസരിച്ച് ടെറിറ്റോറിയല്‍ വാട്ടേഴ്‌സ്, പ്രത്യേക സാമ്പത്തിക മേഖല, അദര്‍ മാരിടൈം സോണ്‍ എന്നിങ്ങനയാണ് ഓഫ്‌ഷോറിനെ വിഭജിച്ചിരിക്കുന്നത്. ആ ചട്ടം അനുസരിച്ച് ഓഫ്‌ഷോര്‍ ഖനനം കേന്ദ്രസര്‍ക്കാര്‍ വിഷയമാണ്. യഥാര്‍ത്ഥത്തില്‍ ഖനനം കേന്ദ്രസര്‍ക്കാര്‍ വിഷയവും മീന്‍പിടിത്തം സംസ്ഥാന വിഷയവുമായ മേഖല. അവിടെ ഖനനം നടത്താന്‍ നിയമത്തിലെ വ്യവസ്ഥ അനുസരിച്ചുള്ള അനുമതിയാണ് കേന്ദ്രം വിനിയോഗിച്ചിരിക്കുന്നത്. അതു സംസ്ഥാന വിഷയമായ മീന്‍പിടിത്തത്തെ ബാധിക്കുമ്പോള്‍ കൂടിയാലോചനകള്‍ അനിവാര്യമായിരുന്നു. സംസ്ഥാനം ആശങ്കകള്‍ അറിയിച്ചെങ്കിലും വേണ്ടവിധത്തില്‍ പ്രതികരണം ഉണ്ടായില്ലെന്നാണ് നിയമസഭയിലെ പ്രതികരണങ്ങളില്‍ കാണുന്നത്.
Also Read: ഉറങ്ങിയുണര്‍ന്നപ്പോഴേക്കും മാറിയ AI ലോകത്ത് ഇന്ത്യ എവിടെ?
വളഞ്ഞോ മണല്‍ ഖനനം?
പ്രദേശത്തെ വിവിധ ബ്ലോക്കുകളായി തിരിച്ച് അതില്‍ മൂന്നു ബ്ലോക്കുകളിലാണ് ഇപ്പോള്‍ ഖനനം ആരംഭിക്കുന്നത്. മുപ്പതിനായിരം ടണ്‍ മണല്‍ എടുക്കാനാണ് അനുമതി. നിരവധി കപ്പലുകളും ഡ്രഡ്ജിങ് ഉപകരണങ്ങളും അസംഖ്യം ബോട്ടുകളും ടഗ്ഗുകളുമെല്ലാം മേഖലയില്‍ എത്തും. മീന്‍പിടിക്കാനുള്ള യാത്രപോലും തടസ്സപ്പെട്ട അനുഭവങ്ങള്‍ മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും തീരങ്ങളിലുണ്ട്. ഇതു കേവല പരിസ്ഥിതി വാദത്തിന്റെ പ്രശ്‌നമല്ല. ജീവനോപാധി നഷ്ടമാകുമെന്ന ആശങ്കയാണ്. കൊല്ലംതീരത്ത് മീന്‍ കുറഞ്ഞാല്‍ അത് പല തരത്തിലാണ് സാധാരണക്കാരെ ബാധിക്കുക. മീന്‍പിടിത്തവും അനുബന്ധ തൊഴിലും ചെയ്യുന്നവര്‍ കഷ്ടത്തിലാകും എന്നത് ഒന്നാമത്തെ പ്രശ്‌നം. സാധാരണക്കാര്‍ക്ക് വിലകുറഞ്ഞ മാംസ്യസ്രോതസ്സാണ് മീന്‍. അതു കിട്ടാതെ വരുന്നതോടെ പൊതുജനത്തിന്റെ ആരോഗ്യത്തേയും ബാധിക്കും. നിയമസഭയില്‍ മത്സ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സജി ചെറിയാന്‍ തന്നെ പറഞ്ഞ മറ്റൊരു ആശങ്കയുമുണ്ട്. കടലിന്റെ അടിത്തട്ടിലുള്ള വിഷവാതകങ്ങള്‍ സ്വതന്ത്രമാകുമെന്ന ഭീഷണിയും ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്നു എന്നാണത്. മന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ അവശേഷിക്കുന്ന മത്സ്യസമ്പത്ത് ഈ വിഷവാതക നിര്‍ഗമനത്തോടെ ഇല്ലാതാകും. ഖനനം നടക്കുമ്പോള്‍ കടല്‍ കലങ്ങും എന്നത് മറ്റൊരു വിഷയം. അടിത്തട്ടിലേക്കുള്ള സൂര്യപ്രകാശത്തിന്റെ യാത്രയെ ഇതുബാധിക്കും എന്ന വിദഗ്ധരുടെ അഭിപ്രായവും സഭയെ മന്ത്രി അറിയിച്ചു. അടിത്തട്ടിലേക്ക് സൂര്യപ്രകാശം എത്താതാകുന്നതോടെ സൂക്ഷ്മ ജീവജാലങ്ങള്‍ നശിക്കുമെന്ന പ്രശ്‌നവും ഇതുയര്‍ത്തുന്നു.
Also Read: പ്രധാനമന്ത്രി കാണുന്നില്ലേ, 26 ലക്ഷം കോടി ഒലിച്ചുപോയത്
ഖനനം കടലില്‍ ഒതുങ്ങില്ലേ
കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് ഖനനമേഖലയില്‍ അഴിമുഖങ്ങളും കായലുകളും കൂടി ഉള്‍പ്പെടും. ഖനനം കേന്ദ്ര അധികാരപരിധിയില്‍ ആയതിനാല്‍ പ്രാദേശിക ജലാശയങ്ങളില്‍ ഖനനം നടത്താം. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. വിഴിഞ്ഞം അടുത്ത് മുതലപ്പൊഴി ഇപ്പോള്‍ എത്രമാത്രം അപകടകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മീന്‍പിടിക്കാന്‍ പോകുന്ന ഏതെങ്കിലും ബോട്ട് അവിടെ അപകടത്തില്‍പ്പെടാത്ത ദിവസങ്ങളില്ല. നിലവില്‍ 48 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ വരെ ആഴമുള്ളതാണ് ഖനനം നടത്താന്‍ പോകുന്ന കൊല്ലത്തെ മേഖല. ഇതോടെ അഴിമുഖത്തിന് പിന്നെയും ആഴം വയ്ക്കും. ചിലപ്പോള്‍ ഇരട്ടിവരെ ആഴത്തില്‍ നിന്നു മണല്‍ എടുക്കും. അങ്ങനെവരുമ്പോള്‍ ഇപ്പോള്‍ വരുന്ന ശക്തിയില്‍ ആകില്ല തിരകള്‍ തീരത്തേക്കു വരുന്നത്. മുതലപ്പൊഴിയില്‍ വരുന്നതുപോലെയോ അതിലും ശക്തിയിലോ തിരകള്‍ ആഞ്ഞടിക്കാം. അപ്പോള്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചനാതീതമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
വികസനമല്ല പ്രശ്‌നം, ജീവിതമാണ്
നിര്‍മാണ മേഖലയെ വലിയ തോതില്‍ സഹായിക്കുന്നതാണ് മണല്‍ഖനനം എന്ന വാദം ശരിയാണ്. ഇനി നിര്‍മാണം നടക്കണമെങ്കില്‍ ഇത്തരം സാധ്യതകള്‍ തേടുകയും വേണം. ഇതു വസ്തുതയായിരിക്കുമ്പോള്‍ തന്നെ ലക്ഷങ്ങളുടെ ഉപജീവനമാര്‍ഗ്ഗവും പ്രധാനമാണ്. കരിമണല്‍ ഖനനം ആലപ്പാട്ട് ഉണ്ടാക്കിയ അപകടം കണ്‍മുന്നിലുണ്ട്. അത് കരിമണല്‍ തിരിച്ചെടുത്ത ശേഷം മണല്‍ നിക്ഷേപിക്കുന്നുണ്ട് എന്നതിനാല്‍ താരതമ്യേന ദോഷം കുറഞ്ഞ നീക്കമാണ്. എന്നിട്ടും ആലപ്പാട്ടും പരിസരത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഒന്നു കണ്‍തുറന്നു നോക്കിയാല്‍ കാണാവുന്നതേയുള്ളു. കടല്‍ നിരപ്പ് ഉയരുന്നതിന്റെ ദൂഷ്യം അനുഭവിക്കുന്ന മണ്‍റോ തുരുത്ത് കൊല്ലത്താണ്. മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് വിഭവമില്ലാതാകുന്നു എന്ന വലിയ വിഷയം. അതോടൊപ്പം തീരത്തിന്റെ സ്വഭാവം മാറുമെന്ന ആശങ്ക. ഇതു പരിഹരിച്ചു മാത്രമേ ഖനനം നടത്താവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.