ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ അസാധാരണമായ വഴികളിലൂടെ കടന്നുപോയ കേസിലാണ് ഡല്‍ഹിയിലെ വിചാരണകോടതി ശിക്ഷ വിധിച്ചത്
സിഖുകാരായ അച്ഛനേയും മകനേയും കത്തിച്ചുകൊന്നതില്‍ മുന്‍ കോണ്‍ഗ്രസ് എംപി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു. കണ്ണില്‍ച്ചോരയില്ലാത്ത കൊടുംക്രൂരതയ്ക്ക് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും അങ്ങനെ ശിക്ഷ ലഭിക്കുകയാണ്. ജനാധിപത്യത്തിന്റെ ശക്തിയില്‍ പൗരന് വിശ്വാസം തോന്നുന്നത് ഇത്തരം നടപടികളിലൂടെയാണ്. 1984ലെ നരഹത്യയ്ക്കാണ് 2025ല്‍ വിചാരണ കോടതി ശിക്ഷവിധിക്കുന്നത്. നിലവില്‍ മറ്റൊരു വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഈ കേസിലെ ശിക്ഷ കൂടി ഏറ്റുവാങ്ങണം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ അസാധാരണമായ വഴികളിലൂടെ കടന്നുപോയ കേസിലാണ് ഡല്‍ഹിയിലെ വിചാരണകോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കാലം മാപ്പുകൊടുത്തില്ല, കൊടുംക്രൂരതയ്ക്ക് ശിക്ഷ
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സിഖ് വേട്ടയിലാണ് ഇപ്പോഴത്തെ ശിക്ഷ. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ചെറിയ കുലുക്കങ്ങളുണ്ടാകും എന്നാണ് രാജീവ് ഗാന്ധി പിന്നീട് ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആസൂത്രിതമായി നടന്ന കൊലയാണ്. പക്ഷേ, പാശ്ചാത്യമാധ്യമങ്ങളൊക്കെ അതിനെ വിശേഷിപ്പിച്ചത് ഹിന്ദു മോബ് അറ്റാക്‌സ് സിഖ്‌സ് എന്നാണ്. ഹിന്ദുക്കള്‍ സിഖുകാരെ കൊന്നൊടുക്കുന്നു എന്നായിരുന്നു എങ്ങും വാര്‍ത്തവന്നത്. വിഭജനത്തിനു ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ വര്‍ഗീയ കലാപമായി ഇതുമാറി. സജ്ജന്‍ കുമാറിന്റെ ഇപ്പോഴത്തെ കേസിലെ വിചാരണയും വിധിയും തീര്‍ത്തും അസാധാരണമാണ്. ഒരു കേസും കടന്നുപോകാത്ത വഴികളിലൂടെയൊക്കെ സഞ്ചരിച്ചാണ് ഒടുവില്‍ വിധിപ്രസ്താവത്തിലേക്ക് എത്തിയത്. മാനവികതയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ് ആ നാള്‍വഴി.
മാസികയില്‍ നിന്ന് തിരിച്ചറിഞ്ഞ്
ഡല്‍ഹി സരസ്വതി വിഹാറില്‍ രണ്ടു സിഖുകാരാണ് 1984 നവംബര്‍ ഒന്നിന് കൊല്ലപ്പെട്ടത്. ജസ്വന്ത് സിങ്ങും തരുണ്‍ദീപ് സിങ്ങും. ഇവരുടെ ഭാര്യയും അമ്മയും കേസില്‍ സാധാരണ സാക്ഷികള്‍ മാത്രമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിഷന് മൊഴിനല്‍കാന്‍ എത്തിയതായിരുന്നു ഇരുവരും. അപ്പോഴാണ് ഇന്ത്യാ ടുഡേ മാസികയില്‍ സജ്ജന്‍ കുമാറിന്റെ ചിത്രം കാണുന്നത്. ഇയാള്‍ ചൂണ്ടിക്കാണിച്ചാണ് അക്രമികള്‍ ഇരുവരേയും പിടിച്ചു നിര്‍ത്തി തീയിട്ടതെന്ന് കമ്മിഷനുമുന്നില്‍ ഭാര്യ മൊഴിനല്‍കി. കേസിലെ സാക്ഷി എന്ന നിലയില്‍ നിന്ന് പരാതിക്കാരി കൂടിയായി ഭാര്യ മാറി. നാലു സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്കും ഭാര്യക്കും പുറമെ അന്നു പതിനാലുകാരിയായ മകളും ഇരുപത്തിയൊന്നുവയസ്സുള്ള മരുമകളും. ബിരുദാന്തര ബിരുദധാരിയായ പരാതിക്കാരി സജ്ജന്‍ കുമാറിനെതിരേ പരാതി നല്‍കാന്‍ ഒരു വര്‍ഷം വൈകിയതായിരുന്നു പ്രതിഭാഗം ഉയര്‍ത്തിക്കാണിച്ചത്. ഔട്ടര്‍ ദില്ലിയിലെ എംപിയായിരുന്ന സജ്ജന്‍കുമാറിനെ പരാതിക്കാരിക്ക് അറിയാതിരിക്കാന്‍ വഴിയില്ലെന്നും ഒരുവര്‍ഷം കഴിഞ്ഞുള്ള പരാതി സ്വീകാര്യമല്ലെന്നുമായിരുന്നു വാദം.
ALSO READ: കേന്ദ്രം നടത്തുന്ന കടല്‍ മണല്‍ ഖനനം കേരളം അറിയേണ്ടേ?
കുറ്റം ആരോപിക്കാന്‍ സമയപരിധിയില്ല
പ്രതിയെ തിരിച്ചറിയാത്തതുകൊണ്ടാണ് ആദ്യത്തെ പരാതിയില്‍ പേര് പറയാത്തത് എന്ന വാദം കോടതി അംഗീകരിച്ചു. എംപിയെ കണ്ടാല്‍ എല്ലാവരും തിരിച്ചറിയണം എന്നില്ല എന്നായിരുന്നു കോടതി നിരീക്ഷണം. സജ്ജന്‍ കുമാറാണ് പ്രതി എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ പരാതി നല്‍കിയിട്ടുമുണ്ട്. അത് 1985 സെപ്റ്റംബര്‍ 9ന് ആയിരുന്നു. അന്ന് നല്‍കിയ പരാതിക്ക് പൊലീസ് ഒരു എഫ്‌ഐആര്‍ ഇട്ടത് 1991ല്‍ മാത്രമാണ്. പരാതിക്ക് എഫ്‌ഐആര്‍ പോലുമില്ലാതെ ആറുവര്‍ഷമാണ് കടന്നുപോയത്. സ്വന്തം പിതാവിനേയും സഹോദരനേയും ജീവനോടെ കത്തിക്കുന്നത് കണ്ടു നിന്ന പതിനാലുകാരിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. ഇവരുടെയെല്ലാം മുന്നില്‍ വച്ചാണ് കത്തിച്ചുകളയാന്‍ സജ്ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയതും. സ്വന്തം പിതാവും സഹോദരനും നിന്നു കത്തുന്ന ദൃശ്യം ഒരു പതിനാലുകാരി എത്ര പതിറ്റാണ്ടു കഴിഞ്ഞാലും മറക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടതും അക്രമത്തിന് ആഹ്വാനം ചെയ്തതും കത്തിച്ചുകളയാന്‍ നിര്‍ദേശിച്ചതുമെല്ലാം സജ്ജന്‍കുമാര്‍ ആണെന്ന് കേസ് ഡയറിയില്‍ നിന്ന് വ്യക്തമാണെന്നും വിധിയില്‍ പറയുന്നു.
ALSO READ: വിഐപികള്‍ക്ക് വേറെ കുംഭമേളയും പുണ്യവുമോ?
തിഹാര്‍ ജയിലിലേക്ക് ശിക്ഷ
സജ്ജന്‍കുമാര്‍ ഇപ്പോള്‍ തന്നെ തിഹാര്‍ ജയിലിലാണ്. ഇതേ ദിവസം പാലംകോളനിയില്‍ അഞ്ചു സിഖുകാരെ കൊന്നതിന് 2018ലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രാജ്‌നഗറിലെ ഗുരുദ്വാര കത്തിച്ച കേസിലും സജ്ജന്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ ദിവസം സുല്‍ത്താന്‍പുരിയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതിലും സജ്ജന്‍കുമാര്‍ ആയിരുന്നു മുഖ്യപ്രതി. എന്നാല്‍ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാണിച്ച് ഈ കേസില്‍ സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. വെറുതെവിട്ടതിന് എതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇനിയും മൂന്നുപേരെ കൊന്ന കുറ്റത്തിനു കൂടി വിധി വരാനുണ്ട്. ഡല്‍ഹി റൌസ് അവന്യു കോടതിയില്‍ ആ വിചാരണ ഇപ്പോഴും തുടരുകയാണ്.
17,000 മരണമുണ്ടായ വംശഹത്യ
കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി നടന്നു നിര്‍ദേശിച്ചു നടത്തിയ കൂട്ടക്കൊലയില്‍ 3,350 സിഖുകാര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക രേഖ. എന്നാല്‍ മരണം എണ്ണായിരം മുതല്‍ പതിനേഴായിരം വരെ ആകാമെന്നാണ് അനൗദ്യോഗിക കണക്ക്. പുറത്തുവന്ന വിക്കിലീക് രേഖകളില്‍ കോണ്‍ഗ്രസ് നേരിട്ട് നടത്തിയ കൂട്ടക്കൊല എന്ന അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുമുണ്ട്. സിബിഐ നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കാര്യം കൂടി വ്യക്തമായി. സിഖ് കൂട്ടക്കൊല നടത്തിയത് ഡല്‍ഹി പൊലീസിന്റെ പൂര്‍ണ അറിവോടെയാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്യഗസ്ഥര്‍ നേരിട്ടിറങ്ങി ഈ ക്രൂരതയ്ക്ക് ചൂട്ടുപിടിക്കുകയും ചെയ്തു എന്നാണ് സിബിഐ കേസ് ഡയറിയില്‍ എഴുതിവച്ചത്. ശിക്ഷിക്കപ്പെട്ട സജ്ജന്‍കുമാര്‍ എംപി വഴിയില്‍ ഇറങ്ങി നടന്ന് നിര്‍ദേശം കൊടുത്ത ആള്‍ മാത്രമാണ്. ജഗദീഷ് ടൈറ്റ്‌ലര്‍, എച്ച് കെ എല്‍ ഭഗത്ത് എന്നീ മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ അറിവോടെയാണ് കൂട്ടക്കൊല നടന്നത് എന്ന് സിബിഐ കുറ്റപത്രത്തിലുണ്ട്. സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരനാണ് എന്ന് ജസ്റ്റിസ് നാനാവതി കമ്മിഷന്‍ എഴുതിവച്ചു എന്നല്ലാതെ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരേ ഒരു കേസുപോലും ഉണ്ടായില്ല. നിരവധി കമ്മിഷനുകള്‍ കുറ്റക്കാരന്‍ എന്നു പറഞ്ഞിട്ടും എച്ച് കെ എല്‍ ഭഗത്തും ശിക്ഷിക്കപ്പെട്ടില്ല. ഭഗത്ത് 2005ല്‍ മരിക്കുകയും ചെയ്തു. 40 വര്‍ഷത്തിനു ശേഷം സജ്ജന്‍കുമാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ മറ്റു ചിലതുകൂടിയുണ്ട്. ഇനിയും വേണ്ടവിധം വിചാരണപോലും നടക്കാത്ത ഗുജറാത്ത് കൂട്ടക്കൊലയിലും നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ഏതെങ്കിലും കാലത്ത് ശിക്ഷ ഉണ്ടാകും എന്ന വിശ്വാസമാണത്.