എന്തുകൊണ്ട് ഓഹരി വിപണി തകര്‍ന്നു? അമേരിക്കയുടെ തിരിച്ചടിത്തീരുവയും ചൈനയുടെ പകരത്തിനുപകരം തീരുവയും മാത്രമല്ല വിപണിയെ തളര്‍ത്തുന്നത്
ഒരു സാമ്പത്തിക പ്രതിസന്ധി വന്നാല്‍ പിടിച്ചു നില്‍ക്കാന്‍ വലിയ ആയുധങ്ങളൊന്നും കയ്യിലില്ലെന്ന് വിപണി പഠിച്ചത് ഈ ദിവസങ്ങളിലാണ്. അമേരിക്കയും ചൈനയും തുടക്കമിട്ട വ്യാപാര യുദ്ധത്തില്‍ ഓഹരി വിപണികള്‍ നിലംപറ്റെ വീണപ്പോള്‍ രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തിങ്കളാഴ്ച മാത്രം സെന്‍സെക്‌സ് 3,900 പോയിന്റ് വരെ ഇടിഞ്ഞപ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമെ വിപണി നിയന്ത്രിക്കുന്നവര്‍ക്ക് കഴിഞ്ഞുള്ളു. ഡോണള്‍ഡ് ട്രംപ് ഉണ്ടാക്കിയ തീരുവപ്രതിസന്ധി ഒരു മറമാത്രമാണ്. ലോകത്തിന്റെ മറച്ചുവയ്ക്കാനാകാത്ത യഥാര്‍ത്ഥ സാമ്പത്തിക പ്രതിസന്ധിയാണ് പുറത്തുവരുന്നത് എന്ന വാദത്തിനാണ് ഇപ്പോള്‍ മേല്‍ക്കൈ. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തിനു ശേഷം വിപണി ഇങ്ങനെ തകരുന്നത് ആദ്യമാണ്. കോവിഡ് മഹാമാരി കാലത്തുപോലും ഇത്ര വലിയ വീഴ്ച വിപണിയില്‍ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഒരു ദിവസം മാത്രം വിപണിയില്‍ നിന്ന് ഒലിച്ചുപോയത് 19 ലക്ഷം കോടി രൂപയാണ്. ആ പണം സ്വര്‍ണത്തിലുള്ള നിക്ഷേപമായി മാറുന്നതാണ് ലോകമെങ്ങും കാണുന്നത്.
സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രിക്ക് എന്താണ് മറുമരുന്ന്?
എന്തുകൊണ്ട് ഓഹരി വിപണി തകര്‍ന്നു? അമേരിക്കയുടെ തിരിച്ചടിത്തീരുവയും ചൈനയുടെ പകരത്തിനുപകരം തീരുവയും മാത്രമല്ല വിപണിയെ തളര്‍ത്തുന്നത്. വര്‍ഷങ്ങളായി വിപണിയില്‍ ഉണ്ടായിരുന്ന ദൗര്‍ബല്യങ്ങളെല്ലാം പുറത്തുവരുന്ന സമയമാണിത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൊണ്ടുവന്ന ഉത്തേജക പദ്ധതികളെല്ലാം അവസാനിച്ചു. പിന്നാലെ കോവിഡ് കാലത്തുണ്ടായ മാന്ദ്യം. ഇതെല്ലാം ചേര്‍ന്നുണ്ടാക്കിയ പ്രതിസന്ധികളാണ് ഇപ്പോള്‍ കണ്‍മുന്നില്‍ തെളിയുന്നത്. വിപണി തകരാന്‍ ഒന്നാമത്തെ കാരണം പണമില്ല എന്നതു തന്നെയാണ്. ലിക്വിഡിറ്റി ക്രൈസിസ് എന്നു പറയും. കൃത്രിമമായി വിപണിയിലേക്കെത്തിച്ച പണം കൊണ്ടാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കടന്നുപോയത്. അമേരിക്ക പ്രഖ്യാപിച്ചു നടപ്പാക്കിയ ആ ഉത്തേജക പദ്ധതികള്‍ വലിയ പ്രതിസന്ധി നീട്ടിവയ്ക്കുക മാത്രമാണ് ചെയ്തത്. രണ്ടാമത്തെ കാരണം വിപണിക്ക് ഇനി വളരാന്‍ സാധ്യത ഇല്ല എന്നതാണ്. എല്ലാ വളര്‍ച്ചയ്ക്കും ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ നിലനില്‍ക്കാനുള്ള ഓക്‌സിജന്‍ ഇല്ലാതെവരും. കാറ്റടിച്ചു വീര്‍പ്പിച്ച ബലൂണ്‍ പോലെ അതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. ഇനിയും സമ്മര്‍ദംകൊടുത്താല്‍ പൊട്ടിത്തകരും. മൂന്നാമത്തെ കാരണം വ്യവസായ വളര്‍ച്ച ശരിയായ ദിശയില്‍ ആയിരുന്നില്ല എന്നതുതന്നെയാണ്.
Also Read: എന്തിനായിരുന്നു ഈ വഖഫ് നിയമം?
നിക്ഷേപങ്ങള്‍ ശരിയായ ദിശയില്‍ അല്ലെങ്കില്‍
മലയാളിയുടെ ബൈജൂസ് ആപ്പിന് സംഭവിച്ചതുപോലുള്ള നിക്ഷേപ മണ്ടത്തരങ്ങളാണ് വിപണിയില്‍ നടക്കുന്നതില്‍ പകുതിയും. ഒരു എജ്യൂക്കേഷന്‍ ആപ്പിന് എത്രവരെ പോകാം എന്ന് കണക്കാക്കാതെ നടത്തിയ നിക്ഷേപമാണ് പാഴായിപ്പോയത്. എസ്ടിഡി ബൂത്തുകള്‍ ഉദാഹരണമാണ്. ടെലികോം വിപ്ലവം എസ്ടിഡി ബൂത്തുകളിലൂടെയാണെന്നു കരുതി നാടുനീളെ സ്ഥാപിച്ചപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വന്നു. അതോടെ ബൂത്തുകള്‍ സ്ഥാപിച്ച പണം മുഴുവന്‍ പാഴായി. അത് ജീവിതമാര്‍ഗമായി കരുതിയവര്‍ പെരുവഴിയിലായി. അക്കാലത്ത് നാടുനീളെ സ്ഥാപിച്ച കേബിളുകള്‍ പാഴായി. എത്ര ലക്ഷം കോടിയുടെ കേബിളുകളാണ് വഴിയരികില്‍ മണ്ണിനടിയില്‍ കിടക്കുന്നത്. ഇതുപോലെ നടത്തിയ നിക്ഷേപങ്ങളാണ് ദിശയറിയാതെ സംഭവിച്ചത്. ഈ ഒലിച്ചുപോയ കോടികളെല്ലാം സാധാരണക്കാരുടെ പണമായിരുന്നു. ഇത്തരം വ്യവസായ തകര്‍ച്ചകളില്‍ നഷ്ടം സംഭവിക്കുന്നത് കൂടുതലും സാധാരണക്കാര്‍ക്കാണ്. നിക്ഷേപകര്‍ ഊറ്റിയെടുക്കാവുന്നതിന്റെ പരമാവധിയില്‍ നിന്ന് അടുത്ത മേഖലയിലേക്കു തിരിയും.
Also Read: ഗള്‍ഫ് വിട്ട് ഇനി പാശ്ചാത്യ പ്രവാസമോ?
വിപണിയില്‍ ഇനി എന്തു സംഭവിക്കും?
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വ്യാപകമായി പിന്മാറുകയായിരുന്നു. അതിന്റെ ലക്ഷണമായിരുന്നു സ്വര്‍ണത്തിന്റെ വിലക്കയറ്റം. വിപണിയില്‍ നിന്നു പിന്‍വലിക്കുന്ന പണം നേരെ എത്തിയത് സ്വര്‍ണത്തിലായിരുന്നു. ഓരോ തവണയും വിവിധ മാര്‍ഗങ്ങളിലൂടെ പണമെത്തിച്ച് വിപണി ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതെല്ലാം നിഷ്ഫലമാണെന്നു തെളിഞ്ഞത് ഏപ്രില്‍ ഏഴിന് തിങ്കളാഴ്ചയാണ്. സെന്‍സെക്‌സില്‍ 3200 പോയിന്റ് വരെ ഇടിഞ്ഞപ്പോള്‍ ഇല്ലാതായത് 19 ലക്ഷം കോടി രൂപയാണ്. 400 ലക്ഷം കോടി രൂപയുടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അതു വലിയ തുകയല്ല. പക്ഷേ, നിക്ഷേപകരുടെ ലാഭമാണ് ഇല്ലാതായത്. പലരും കൊടിയ നഷ്ടത്തിലേക്കു വീഴുകയും ചെയ്തു. 500 രൂപയ്ക്കു വാങ്ങിയ ഉല്‍പ്പന്നത്തിന്റെ വില 300 രൂപയിലേക്കു വീണാല്‍ സംഭവിക്കുന്നതാണ് ഓഹരി വിപണിയിലും കാണുന്നത്. ഇനി വിപണിയെ രക്ഷിക്കാന്‍ വലിയ തോതില്‍ നിക്ഷേപമെത്തണം. അമേരിക്കയും ചൈനയും നടത്തുന്ന തീരുവയുദ്ധം അവസാനിപ്പിച്ച് എല്ലാം പഴയപടി ആയാല്‍ വിപണി താല്‍ക്കാലികമായി തിരിച്ചുവരാം. അതു പക്ഷേ താല്‍ക്കാലത്തേക്കു മാത്രമായിരിക്കും. പൂര്‍ണമായും തിരിച്ചുവരാന്‍ വലിയ തോതിലുള്ള നിക്ഷേപം എത്തണം. അതിന് അമേരിക്കയ്ക്കും ചൈനയ്ക്കും കഴിയുമോ?
ആരിറക്കും ഇനി വിപണിയില്‍ പണം?
ട്രഷറി പൂട്ടുന്ന സ്ഥിതിയില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിച്ചാണ് ആ പ്രതിസന്ധി മറികടന്നത്. കടമെടുത്തു മാത്രം ഒരു സാമ്പത്തിക ക്രമത്തിനും അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അമേരിക്കയുടെ കടം ജിഡിപിയുടെ 120 ശതമാനമാണ്. ചൈനയുടേത് 77 ശതമാനവും. ഇന്ത്യയുടെ കടം ജിഡിപിയുടെ 83 ശതമാനമുണ്ട് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്റേത് ജിഡിപിയുടെ 76 ശതമാനം വരും. അതായത് രാജ്യങ്ങളെല്ലാം എടുക്കാവുന്നതിന്റെ പരമാവധി തുക കടമായി എടുത്തുകഴിഞ്ഞു. ഇനി കടമെടുത്ത് വിപണി ഉണര്‍ത്തുക എന്നത് ഏറെക്കുറെ അസാധ്യമാണ്. കൂടുതല്‍ തുക വിപണിയിലേക്ക് ഇറങ്ങാനുള്ള സാധ്യത ഇല്ല എന്നു തന്നെ പറയാം. കോര്‍പ്പറേറ്റ് നിക്ഷേപകരെല്ലാം വലിയ പ്രതിസന്ധിയുടെ ഓരത്താണ്. വിപണയില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് ഒന്നും തിരികെ ലഭിക്കാത്ത സ്ഥിതി. വലിയ തോതില്‍ സ്വകാര്യ നിക്ഷേപം വരാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ കുറവാണ്. ഇപ്പോഴത്തെ ഓഹരിത്തകര്‍ച്ച എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഇതിലും വലിയ പ്രതിസന്ധികള്‍ വന്നാലും നേരിടണം എന്നാണ് ഈ ഓഹരിത്തകര്‍ച്ച ഓരോരുത്തരേയും ഓര്‍മിപ്പിക്കുന്നത്.