ഇന്നലെ ആരംഭിച്ച അഞ്ച് പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ അതിശൈത്യം, ചില്ലൈ കലൻ ജനുവരി 31 വരെ ശക്തമായി തുടരും
വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായ കശ്മീരിൽ ഇനി ചില്ലൈ കലൻ. ഇന്നലെ ആരംഭിച്ച അഞ്ച് പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ അതിശൈത്യം, ചില്ലൈ കലൻ ജനുവരി 31 വരെ ശക്തമായി തുടരും. ഒന്നരമാസത്തെ അതിശൈത്യത്തെ അതിജീവിക്കാൻ കശ്മീരും തയ്യാറെടുത്തു കഴിഞ്ഞു.
കശ്മീരിൻ്റെ അനിർവചനീയമായ ഭംഗിക്ക് മാറ്റ് കൂട്ടുകയാണ് ചില്ലൈ കലൻ. 50 വർഷത്തിനിടെ ശ്രീനഗർ വരവേൽക്കുന്നത് ഏറ്റവും തണുത്ത ഡിസംബറിനെയാണ്. വെളുത്ത് മൂടിയ പർവത നിരകളും ഒഴുക്ക് നിലച്ച് ഉറയുന്ന നദീ- തടാകങ്ങളും, കശ്മീരിനെ മഞ്ഞിൽ പൊതിഞ്ഞ് നിശ്ചലമാക്കുന്ന ചില്ലൈ കലൻ ഇന്നലെയാണ് ആരംഭിച്ചത്. നീണ്ട 40 ദിവസം താഴ്വര ഇനി മറ്റൊരു ഭംഗിയിലായിരിക്കും. കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, 40 ദിവസത്തെ അതിശൈത്യ കാലഘട്ടമാണ് കശ്മീരിൽ ഇനി കാണാൻ പോകുന്നത്.
ശ്രീനഗറിൽ കഴിഞ്ഞ ദിവസം മൈനസ് 6.2 ഡിഗ്രി സെൽഷ്യസായിരുന്ന താപനില. വെള്ളിയാഴ്ച രാത്രി മൈനസ് 8.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. 1974ന് ശേഷമുള്ള ഏറ്റവും തണുത്ത രാത്രി. പ്രശസ്തമായ ദാൽ തടാകം ഉൾപ്പെടെ മരവിച്ചു. മഞ്ഞുപാളികൾ മുഴുവൻ താഴ്‌വരയെയും പിടികൂടി. പലയിടങ്ങളിലും താപനില മൈനസിലോട്ട് കടന്നു. ഇനി കശ്മീർ താഴ്വരകളിൽ ശക്തമായ മഞ്ഞുവീഴ്ചയും കാണാം. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മനോഹാരിത കശ്മീരിനെ അനുഗ്രഹിക്കുമ്പോഴും ജനങ്ങൾക്ക് ഇത് അത്ര സുഖകരമല്ല.
അപ്രതീക്ഷിതമായ വൈദ്യുതി തടസം ഉണ്ടാകുന്നതിനാൽ ഹീറ്ററുകൾ ഉപയോഗിക്കാൻ പ്രദേശവാസികൾക്ക് കഴിയുന്നില്ല. അതിശൈത്യത്തെ നേരിടാൻ കശ്മീരികൾ പരമ്പരാഗതമായ വഴികളാണ് തേടുന്നത്. മരം കൊണ്ടുണ്ടാക്കിയ ഹമാമുകൾ, ബുഖാരികൾ, പോർട്ടബിൾ കാൻഗ്രി തുടങ്ങിയ പരമ്പരാഗത രീതികൾ ഏറെക്കുറെ ഇപ്പോൾ തിരിച്ച് വന്നിരിക്കുകയാണ്..
റോഡുകളിലെ അപകടങ്ങളാണ് മറ്റൊരു പ്രധാന പ്രശ്നം. മഞ്ഞുമൂടിയ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവർമാരോട് അഭ്യർഥിച്ചു, അതിരാവിലെ ഐസ് പാളികൾ യാത്ര കൂടുതൽ അപകടകരമാക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
തണുപ്പുകാലത്തെ വിവിധ പേരുകളിൽ കശ്മീർ വിശേഷിപ്പിക്കുന്നതിന് സമയപരിധിയുമുണ്ട്. ചില്ലൈ കലൻ 2025 ജനുവരി 31ന് അവസാനിക്കും. പക്ഷേ തണുപ്പ് പിന്നെയും തുടരും. തുടർന്ന് 20 ദിവസത്തെ ചില്ലൈ-ഖുർദ്, 10 ദിവസത്തെ ചില്ലൈ-ബച്ച എന്നീ കാലാവസ്ഥകളിലൂടെ കടന്നുപോകും.