പാക് ക്രിക്കറ്റ് ബോർഡ് യുഎഇയെ ന്യൂട്രൽ വേദിയായി തെരഞ്ഞെടുത്തതായി പിസിബി വക്താവ് ആമിർ മിർ പറഞ്ഞു
ദീർഘനാളത്തെ ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് 2025ൽ നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യയുടെ മത്സരവേദികൾ നിശ്ചയിച്ചു. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ വേദിയായി യുഎഇയെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാണാൻ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23ന് ദുബായിൽ വെച്ച് നടക്കും.
ലാഹോറിൽ വെച്ച് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ അൽ മുബാറക്കുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്. പാക് ക്രിക്കറ്റ് ബോർഡ് യുഎഇയെ ന്യൂട്രൽ വേദിയായി തെരഞ്ഞെടുത്തതായി പിസിബി വക്താവ് ആമിർ മിർ പറഞ്ഞു.
ഇന്ത്യക്കും പാകിസ്ഥാനും പുറമെ ബംഗ്ലാദേശും ന്യൂസിലൻഡുമാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ. ഫെബ്രുവരി 20ന് ഇന്ത്യ ബംഗ്ലാദേശിനെയും മാർച്ച് രണ്ടിന് ന്യൂസിലൻഡിനെയും നേരിടും. എല്ലാ ഗ്രൂപ്പ് മത്സരങ്ങൾക്കും ദുബായ് തന്നെയാകും വേദിയാകുക.
ALSO READ: ഇന്ത്യക്ക് ആശങ്കയായി പരുക്ക്; കാൽമുട്ടിൽ പന്തേറു കൊണ്ട രോഹിത് ശർമ നിരീക്ഷണത്തിൽ