വൈകുന്നേരം നാല് മണിക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടിയാണ് നിർവഹിക്കുക
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് എറണാകുളം ജില്ലയിൽ തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്ന കായിക മേളയ്ക്കു വിപുലമായ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്. കേരള സിലബസിൽ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഇത്തവണ മേളയുടെ ഭാഗമാകും.
മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 5 മുതൽ 11 വരെയുള്ള ദിവസവും 1000 കായിക താരങ്ങൾക്ക് സൗജന്യ യാത്ര ഒരുക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടിയാണ് നിർവഹിക്കുക. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
ALSO READ: ജേഴ്സിയൂരി പുലിവാല് പിടിച്ച് പെപ്ര; പിന്നാലെ കോച്ചിൻ്റെ ശകാരവും!
മേളയുടെ ആദ്യ ദിനമായ നവംബർ അഞ്ചിന് അത്‌ലറ്റിക്‌സ്, ബാഡ്‌മിന്‍റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ നടക്കും. 24,000 കായിക പ്രതിഭകൾ 39 കായിക ഇനങ്ങളിലായി മത്സരിക്കും. ഇതോടൊപ്പം 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫ് സ്കൂളുകളിൽ നിന്നുള്ള 50 കുട്ടികളും മേളയിൽ പങ്കെടുക്കും.
സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദികൾ
എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയമാണ് കായികമേളയുടെ പ്രധാന വേദി. റീജണൽ സ്‌പോർട്‌സ് സെന്‍റർ കടവന്ത്ര, ജിഎച്ച്‌എസ്എസ് പനമ്പള്ളി നഗർ, വെളി ഗ്രൗണ്ട് ഫോർട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോർട്ട് കൊച്ചി, കണ്ടെയ്‌നർ റോഡ്, സെന്‍റ് പീറ്റേഴ്‌സ് കോളേജ് , സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര, എംജിഎം എച്ച്എസ്എസ് പുത്തൻകുരിശ്, ജിബി എച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്‌റ്റേഡിയം തോപ്പുംപടി, ജിഎച്ച്എസ്എസ് കടയിരുപ്പ്, മുൻസിപ്പൽ ടൗൺഹാൾ കളമശ്ശേരി, എറണാകുളം ടൗൺഹാൾ, സെന്‍റ് പോൾസ് കോളേജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവൽ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എംഎ കോളേജ് കോതമംഗലം എന്നിവയാണ് മറ്റു വേദികൾ.