ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലേക്കാണ് ക്ഷണിച്ചത്
63ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊടിയേറാനിരിക്കെ കലോത്സവ സ്വർണ്ണക്കപ്പിന്റെ ഡിസൈനറെ നേരിൽ കണ്ട് കലോത്സവത്തിന് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വർണ്ണക്കപ്പിന്റെ ഡിസൈനർ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ വീട്ടിലെത്തി കണ്ട മന്ത്രി, ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലേക്കാണ് ക്ഷണിച്ചത്. ഡിസൈനറെ കലോത്സവ വേദിയിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. സ്വർണക്കപ്പിൻ്റെ ഡിസൈനറെ സന്ദർശിച്ചതിൻ്റെ വീഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ശില്പിയുടെ നാടായ തിരുവനന്തപുരത്താണ് സംസ്ഥാന കലോത്സവം നടക്കുന്നതെന്ന പ്രത്യേകത ഇത്തവണയുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ആർട്ട് അധ്യാപകനായിരുന്ന ശ്രീകണ്ഠൻ നായരോട് 1986ൽ കവി വൈലോപ്പിള്ളി ശ്രീധര മേനോനാണ് കപ്പ് ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് നൂറ്റിപ്പതിനേഴ് പവൻ സ്വർണ്ണക്കപ്പിന്റെ നിർമാണം. പിന്നീട് സ്വർണക്കപ്പ് കലോത്സവത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.