താൻ ഒളിവിൽ പോയി എന്ന വർത്ത വാസ്തുതാ വിരുദ്ധമാണ്.ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സിപിഎം തനിക്കെതിരെ രാഷ്ട്രീയ വിരോധം തീർക്കുകയെന്നും എംഎൽഎ പറഞ്ഞു
വയനാട് ഡിസിസി ട്രഷറർ എൻ. എം. വിജയൻ ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ. താൻ ഒളിവിൽ പോയി എന്ന വർത്ത വാസ്തുതാ വിരുദ്ധമാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സിപിഎം തനിക്കെതിരെ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും എംഎൽഎ പറഞ്ഞു. "താൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. കർണാടകയിൽ സുഹൃത്തിൻ്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വന്നതാണ്. അടുത്ത ദിവസം തന്നെ നാട്ടിലെത്തും", ഐ.സി. ബാലകൃഷ്ണൻ എംഎൽഎ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
എൻ.എം. വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ മുൻകൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. വിജയൻ്റെ മരണത്തിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ALSO READ: EXCLUSIVE | വയനാട് അർബൻ ബാങ്ക് നിയമന വിവാദം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നൽകിയ ശുപാർശ കത്ത് പുറത്ത്
എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. വിജയൻ്റെ ഫോൺ രേഖകളും പരിശോധിച്ചതിനു ശേഷമായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസടുത്തത്. സംഭവത്തിൽ കെപിസിസി നേതൃത്വം ഉൾപ്പെടെ പ്രതിരോധത്തിലാവും.
ALSO READ: എൻ.എം. വിജയൻ്റെ മരണം: ഐ.സി ബാലകൃഷ്ണൻ്റെയും എൻ.ഡി അപ്പച്ചൻ്റെയും അറസ്റ്റ് തടഞ്ഞ് കോടതി
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരോപണവിധേയരായ ഐ. സി. ബാലകൃഷ്ണൻ എംഎൽഎയേയും, വയനാട് ഡിസിസി പ്രസിഡന്റ് എൻ. ഡി. അപ്പച്ചനെയും ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാൽ നിർദേശിച്ചിട്ടുണ്ട്.