നടക്കാവ് പൊലീസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇരുവരേയും കണ്ടെത്തിയത്
മാമി തിരോധാന കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെ കാണാതായ ഡ്രൈവറെയും ഭാര്യയയേയും കണ്ടെത്തി. മാമിയുടെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ഗുരുവായൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ദിവസങ്ങളായി ഗുരുവായൂരിലെ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. നടക്കാവ് പൊലീസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇരുവരേയും കണ്ടെത്തിയത്.
കേസ് അവസാനിപ്പിക്കരുതെന്നും, അന്വേഷണത്തിൽ അനാസ്ഥ ഉണ്ടെന്നും ഡ്രൈവർ രജിത് കുമാർ പറഞ്ഞു. കേസിൽ തനിക്ക് പങ്കില്ല എന്നും വ്യക്തമാക്കുന്ന ശബ്‌ദ സന്ദേശം പുറത്തുവന്നിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം പങ്കുവെച്ചതിന് പിന്നാലെയാണ് ഇവരുടെ ലൊക്കേഷൻ ട്രേസ് ചെയ്യുകയായിരുന്നു. ഇരുവരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ഭാര്യയേയും, ഡ്രൈവറേയും കാണാനില്ലെന്ന പരാതി ഉയർന്നത്. രജിത് കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ കുടുംബമാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഈ മാസം ഏഴാം തീയതി മുതൽ ഇരുവരെയും കാണാനില്ലെന്നായിരുന്നു പരാതി.
പി.വി. അൻവറിൻ്റെ ഇടപെടലോടെയാണ് മാമി തിരോധാന കേസ് വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയായത്. റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിനെ കാണാതായി വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. 2023 ഓഗസ്റ്റ് 22 നാണ് ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്.വിവിധയിടങ്ങളിലായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആട്ടൂരിനെ കണ്ടെത്താനായില്ല. ഒൻപത് മാസത്തോളം അന്വേഷിച്ചിട്ടും കേസിൽ പുരോഗതിയില്ലെന്ന് കണ്ടതോടെയാണ് മാമിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്.