മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിരാ ജയ്‌സിങ് ആണ് രോഹിത് വെമുലയുടെയും പായല്‍ തഡ്വിയുടെയും അമ്മമാര്‍ക്ക് വേണ്ടി ഹാജരായത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ വിവരങ്ങള്‍ ഉടന്‍ ഹാജരാക്കണമെന്ന് യുജിസിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ജാതി വിവേചനം മൂലം ജീവനൊടുക്കിയ രോഹിത് വെമുലയുടെയും പായല്‍ തഡ്വിയുടെയും അമ്മമാര്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസില്‍ ഉത്തരവിട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിരാ ജയ്‌സിങ് ആണ് രോഹിത് വെമുലയുടെയും പായല്‍ തഡ്വിയുടെയും അമ്മമാര്‍ക്ക് വേണ്ടി ഹാജരായത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്ത പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ അടക്കം, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലില്‍ (NAAC) നിന്നുള്ള ജാതി വിവേചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തോട് വിഷയത്തില്‍ പ്രതികരണം തേടിയ സുപ്രീം കോടതി 2012ലെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ യുജിസിക്ക് പരാജയം സംഭവിച്ചെന്നും വ്യക്തമാക്കി.
ഇത് വളരെ വൈകാരികമായ വിഷയമാണെന്നും 2012ലെ ചട്ടം യാഥാര്‍ഥ്യമാക്കുന്നതിന് കോടതി ഘട്ടം ഘട്ടമായി ഇടപെടുമെന്നും സുപ്രീം കോടതി പറഞ്ഞു. 2004-2024 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്തെ ഐഐടികളിലായി 115 പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന വാദത്തോട് പ്രതികരിച്ചുകൊണ്ട് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
2016 ജനുവരി 17നായിരുന്നു ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി സ്‌കോളര്‍ ആയ രോഹിത് വെമുലയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് ടോപിവാല മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന പായല്‍ തഡ്‌വി 2019 മെയ് 22നാണ് ആത്മഹത്യ ചെയ്തത്. കോളേജിലെ മൂന്ന് ഡോക്ടര്‍മാര്‍ ജാതീയമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് പായല്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം.