സുരേഷ് ഗോപി മാധ്യമങ്ങളോട് തട്ടിക്കയറുന്നതും സിനിമാ സ്റ്റൈലില്‍ ഡയലോഗ് പറയുന്നതും ആദ്യമല്ല
ഷാജി കൈലാസ് ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍നിന്ന് ഇപ്പോഴും പുറത്തുകടക്കാത്തൊരാള്‍ എന്ന ചീത്തപ്പേര് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് കുറച്ചുകാലമായുണ്ട്. പൊതുവേദികളിലും, അല്ലാത്തപ്പോഴുമുള്ള സുരേഷ് ഗോപിയുടെ ചില സംഭാഷണങ്ങളും, രോഷപ്രകടനങ്ങളുമൊക്കെയാണ് അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. രണ്‍ജി പണിക്കര്‍ സിനിമയ്ക്കെഴുതിയ ഡയലോഗുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ മനസിനെ മഥിച്ചുകൊണ്ടിരിക്കുകയാണെന്ന് പലരും പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ അതൊക്കെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി. സാമുഹ്യമാധ്യമങ്ങളില്‍ കൈയടിയേക്കാള്‍ കല്ലേറും ലഭിച്ചു. എന്നിട്ടും മാറാന്‍ സുരേഷ് ഗോപി തയ്യാറായിട്ടില്ല. ആരാധകവൃന്ദങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആരവങ്ങളില്‍ അദ്ദേഹം ഭരത് ചന്ദ്രനും ചാക്കോച്ചിയുമൊക്കെയായി മാറും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തൃശൂരിലേത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും, അതിനെത്തുടര്‍ന്ന് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ടുമുണ്ടായ വെളിപ്പെടുത്തലുകളിലും പ്രതികരണം തേടിയാണ് മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ സമീപിച്ചത്. ഒരു നടന്‍ കൂടിയായ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രതികരണം നല്‍കാന്‍ സുരേഷ് ഗോപി ബാധ്യസ്ഥനാണെന്ന ബോധ്യമാണ് മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ടെത്തിച്ചത്. എന്നാല്‍ തികച്ചും മോശമായ പ്രതികരണമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. "അമ്മ യോഗത്തിൽ നിന്നോ, അമ്മയുടെ ഓഫീസിൽ നിന്നോ വരുമ്പോൾ സിനിമാ കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് വരുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കണം. മാധ്യമങ്ങള്‍ക്ക് വീണ് കിട്ടിയ തീറ്റയാണിത്. നിങ്ങള്‍ ഇതുവച്ച് കാശ് ഉണ്ടാക്കിക്കോളു. ഒരു വലിയ സംവിധാനത്തെ മാധ്യമങ്ങള്‍ തകിടം മറിക്കുന്നു. ഈ വിഷയങ്ങളെല്ലാം കോടതിക്ക് മുന്‍പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. അതുകൊണ്ട് കോടതി തീരുമാനിക്കും. മാധ്യമങ്ങള്‍ സിനിമക്കാരെ തമ്മില്‍ത്തല്ലിച്ച് ചോര കുടിക്കുന്നു. സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴിതിരിച്ചു വിടുകയാണ് നിങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. ബാക്കി കോടതി തീരുമാനിക്കും," ഇതായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും മുകേഷിന്റെ കാര്യം കോടതി നോക്കിക്കോളുമെന്നുമായിരുന്നു ആ പ്രതികരണത്തിന്റെ ചുരുക്കം.
എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി രംഗത്തെത്തി. മുകേഷിന്റെ രാജി തന്നെയാണ് പാർട്ടിയുടെ ആവശ്യം. നടൻ എന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടിയുടെ നിലപാട് പറയേണ്ടത് അധ്യക്ഷനാണെന്നും സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഇതോടെ, മാധ്യമങ്ങള്‍ ഒരിക്കല്‍ക്കൂടി സുരേഷ് ഗോപിയുടെ അടുത്തെത്തി. എന്നാല്‍ ക്ഷുഭിതനായ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി, ‘എന്റെ വഴി എന്റെ അവകാശമാണ്, പ്ലീസ്’ എന്നൊരു ഡയലോഗും പറഞ്ഞ് കാറില്‍ കയറിപ്പോകുകയായിരുന്നു. ജനാധിപത്യ രാജ്യത്തെ ഒരു ജനപ്രതിനിധിയോട്, പ്രത്യേകിച്ച് കേന്ദ്ര മന്ത്രിസ്ഥാനം വഹിക്കുന്ന ആളോടാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. എന്നാല്‍ ഒട്ടും ജനാധിപത്യപരമല്ലായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ALSO READ: 'സിനിമാ വിവാദം മാധ്യമങ്ങള്‍ക്ക് കിട്ടിയ തീറ്റ'; തട്ടിക്കയറി സുരേഷ് ഗോപി
സുരേഷ് ഗോപി മാധ്യമങ്ങളോട് തട്ടിക്കയറുന്നതും സിനിമാ സ്റ്റൈലില്‍ ഡയലോഗ് പറയുന്നതും ആദ്യമല്ല. കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ, മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ കേസും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, "ആളാവാന്‍ വരരുത്...കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. യു വാണ്ട് മീ ടു കണ്ടിന്യൂ, ആസ്ക് ഹെർ ടു മൂവ് ബാക്ക്...'' എന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. സ്ത്രീകൾക്ക് മാത്രമായുള്ള സിനിമാ പ്രദർശനത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജ തിയറ്ററില്‍ എത്തിയപ്പോഴായിരുന്നു അത്.
രാജ്യസഭാ എംപിയും തൃശൂര്‍ എൻഡിഎ സ്ഥാനാര്‍ഥിയുമായിരിക്കെ സുരേഷ് ഗോപി നടത്തിയൊരു പ്രസംഗവും വിവാദമായിരുന്നു. പ്രധാനമന്ത്രിയായാല്‍ 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടില്‍ വരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു സുരേഷ് ഗോപി അന്ന് കത്തിക്കയറിയത്. "15 ലക്ഷം ഇപ്പോ വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട. ഇംഗ്ലിഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോടു ചോദിച്ചു മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍, സ്വിസ് ബാങ്ക് അടക്കമുള്ളവ. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ടു ചെന്നു ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി എന്നു പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ടു ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം വച്ച് പങ്കുവയ്ക്കാനുള്ള പണമുണ്ടത് എന്നു പറഞ്ഞതിന് മോദി ഇപ്പോത്തന്നെ ഈ കറവപ്പശുവിന്റെ മുതുകില്‍ തണുത്ത വെള്ളം ഒഴിച്ചു കറന്ന് ഒഴുക്കി അങ്ങ് അണ്ണാക്കിലേക്കു തള്ളി തരുമെന്നാണോ അതിന്റെ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാനേ കഴിയൂ’ എന്നിങ്ങനെയായിരുന്നു അന്ന് പ്രസംഗിച്ചത്.
ALSO READ : "പ്രതികരിക്കാന്‍ സൗകര്യമില്ല"; ക്ഷുഭിതനായി സുരേഷ് ഗോപി, മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി
ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആന്റണിയെക്കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചത് രാജ്യസഭാ എംപിയായിരിക്കുമ്പോഴാണ്. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തിയപ്പോള്‍ ചെവിയില്‍ പൂടയുള്ള നായരായ സുരേഷ് ഗോപി, കൊച്ചി പാവക്കുളം ക്ഷേത്രത്തിലെത്തിയപ്പോള്‍ അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്ന ആഗ്രഹമാണ് പറഞ്ഞത്. മാത്രമല്ല. അത് എന്റെ അവകാശമാണെന്നും അതിനെതിരെ ആര്‍ക്കും വരാന്‍ അവകാശമില്ലെന്നുമുള്ള പഞ്ച് ലൈന്‍ കൂടി ചേര്‍ത്താണ് ഡയലോഗ് പൂര്‍ത്തിയാക്കിയത്. തൃശൂര്‍ എനിക്കുവേണം... തൃശൂര്‍ നിങ്ങള്‍ എനിക്കു തരണം... തൃശൂര്‍ ഞാനിങ്ങെടുക്കുവാ... എന്നൊക്കെയായിരുന്നു തെരഞ്ഞെടുപ്പുനാളിലെ ഡയലോഗുകള്‍. ഒരു റോഡിയോ അഭിമുഖത്തില്‍, റിയല്‍ ലൈഫില്‍ ഒരു പൊലീസുകാരന്‍ ആയിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമെന്നൊരു ചോദ്യം വന്നു. ശബരിമലയിലെ സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. "അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ല. അവരൊന്നും ഒരു കല്ലെറിയുകയോ, കുപ്പിക്കഷണമെടുത്ത് എറിയുകയോ, ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെയാണ് ഉപദ്രവിച്ചത്. ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ" എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റിയപ്പോഴും ഭരത് ചന്ദ്രന്‍ ഐപിഎസിനെയോ, ചാക്കോച്ചിയേയോ വിട്ടുകളയാന്‍ സുരേഷ് ഗോപി തയ്യാറായില്ല. പൊതുവേദികളില്‍പോലും വാക്കുകളും ശരീരഭാഷയുമൊക്കെ ഷാജി കൈലാസ് കഥാപാത്രങ്ങള്‍ പോലെയായി. വിമര്‍ശനം പാരമ്യത്തിലെത്തിയപ്പോഴും സുരേഷ് ഗോപി കുലുങ്ങിയില്ല. അതിനെയൊക്കെ പുച്ഛിച്ചും വീണ്ടും വീണ്ടും അനുകരിച്ചുംകൊണ്ട് സുരേഷ് ഗോപി മുന്നോട്ടുപോയി. "അയാളിപ്പോഴും സിനിമയിൽ നിന്നും ഇറങ്ങി വന്നിട്ടില്ലെന്നാണ് ചിലർ പറയുന്നത്, അയാളിപ്പോഴും ഭരത് ചന്ദ്രനാണെന്നാ പറയുന്നത്. എന്താ ഭരത് ചന്ദ്രന് കുഴപ്പം. എന്റെ തണ്ടെല്ലിന്റെ ഗുണമാണ് ഞാൻ കാണിക്കുന്നത്. അത്, ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ചതാണ്. ഭരത് ചന്ദ്രനെ കണ്ടുകൊണ്ട് എത്ര ഐപിഎസുകാരാണ് ഈ രാജ്യത്ത് നീതി നിർവഹണം നടത്തുന്നതെന്ന് അന്വേഷിക്കൂ. മലയാളികൾ മാത്രമല്ല, രാജ്യം മുഴുവൻ ഓഡിറ്റ് ചെയ്യൂ. അപ്പോഴറിയാം..." എന്നിങ്ങനെ മറുപടിക്കൊപ്പം ജസ്റ്റ് റിമമ്പര്‍ ദാറ്റ് എന്ന ഡയലോഗും പൊതുവേദിയില്‍ പറയാന്‍ സുരേഷ് ഗോപിക്ക് മടിയുണ്ടായില്ല.
വെള്ളിത്തിരയില്‍ ഭരത് ചന്ദ്രനെയും ചാക്കോച്ചിയെയും കുട്ടപ്പായിയെയും അശോക് നരിമാനെയും ആന്റണി പുന്നക്കാടനെയുമൊക്കെ കണ്ട് കയ്യടിച്ചവര്‍ തന്നെയാണ് ഇവിടെയുള്ളത്. കാശുകൊടുത്ത് ടിക്കറ്റെടുത്ത് തീയേറ്ററില്‍ കയറുന്നവര്‍ പ്രതീക്ഷിക്കുന്നത് ഇത്തരം മാസ് ഡയലോഗുകളും ആക്ഷനുകളുമൊക്കെയാണ്. അതില്‍ തെറ്റുമ്പോഴാണ് തീയേറ്ററില്‍ കൂക്കുവിളി ഉണ്ടാകുന്നത്. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്നത് ജനാധിപത്യ രാജ്യത്തിലെ ഒരു ജനപ്രതിനിധിയായാണ്, അതിലുപരി ഏറെ ഉത്തരവാദിത്വങ്ങളുള്ള ഒരു കേന്ദ്രമന്ത്രിയാണ്. സിനിമാ ടിക്കറ്റിന്റെ പിന്‍ബലമല്ല നിങ്ങളെ പാര്‍ലമെന്റിലെത്തിച്ചത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നാല് ലക്ഷത്തിലധികം വരുന്ന ജനങ്ങളാണ് നിങ്ങളെ ജനാധിപത്യത്തിന്റെ ഭാഗമാക്കിയത്. അതിനൊരു ലക്ഷ്യമുണ്ട്. അതൊരിക്കലും ആക്ഷനും കട്ടിനുമിടയില്‍ നിങ്ങള്‍ പറഞ്ഞുശീലിച്ച ഡയലോഗുകളുടെ തനിയാവര്‍ത്തനം അല്ല. ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ച, തണ്ടെല്ലിന്റെ ഗുണം കാണിക്കേണ്ട ഇടവുമല്ല ജനാധിപത്യം. അവിടെ പാലിക്കേണ്ട ചില ജനാധിപത്യ മര്യാദകളുണ്ട്. അല്ലായെങ്കില്‍ ഇന്ന് വോട്ട് ചെയ്ത ജനങ്ങള്‍ തന്നെ നാളെ നിങ്ങളെ ഓഡിറ്റ് ചെയ്യും. JUST REMEMBER THAT.