മർദനം സഹിക്കവയ്യാതെ ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്
എറണാകുളം പാലാരിവട്ടത്ത് ട്രാൻസ് വുമണിനെ ആക്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫാസിൽ, പള്ളുരുത്തി സ്വദേശി മനാഫ് എന്നിവരാണ് റിമാൻഡിൽ ആയത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിയിരിക്കുന്നത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തര റിപ്പോർട്ട് നൽകുവാനും സാമൂഹ്യനീതി ഡയറക്ടർക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അടിയന്തര നിർദേശം നൽകി. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും ഡോ. ആർ. ബിന്ദു പറഞ്ഞു. ട്രാൻസ്മനുഷ്യരെ എന്തും ചെയ്യാം എന്ന് ആരും ധരിക്കേണ്ടെന്നും അവർക്കെതിരെ അന്യായമായ അതിക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മുതിരുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Also Read: കൊച്ചിയിൽ ട്രാൻസ്‌വുമണിനെതിരായ മർദനം: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി ഡോ. ആർ. ബിന്ദു
വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തു നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതികൾ ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടി കൊണ്ട് പലകുറി അടിക്കുകയായിരുന്നു. 'നീയൊന്നും ഈ ലോകത്ത് ജീവിക്കരുത്, എല്ലാത്തിനെയും കൊന്നൊടുക്കും' എന്ന് പറഞ്ഞായിരുന്നു മർദനം. മർദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്കേറ്റിരുന്നു. മർദനം സഹിക്കവയ്യാതെ ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.