അഞ്ച് വർഷത്തെ പരിവർത്തന കാലയളവാണ് ഭരണഘടനാ പ്രഖ്യാപനം വ്യവസ്ഥ ചെയ്യുന്നത്
അഹമ്മദ് അൽ ഷരാ
സിറിയയുടെ അഞ്ച് വർഷക്കാലത്തെ പരിവർത്തന കാലയളവിലേക്കുള്ള ഭരണഘടന പ്രഖ്യാപനത്തിൽ ഒപ്പുവച്ച് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരാ. സ്ത്രീകളുടെ അവകാശങ്ങൾ, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഭരണഘടനയാണ് ഇടക്കാല സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇസ്ലാമിക് വിമതർ ബഷർ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ഭരണപരമായ പ്രഖ്യാപനങ്ങളുമായി ഇടക്കാല സർക്കാർ രംഗത്തെത്തുന്നത്.
'പുത്തൻ ചരിത്രം' എന്നാണ് ഭരണഘടന പ്രഖ്യാപനങ്ങളെ ബഷർ അൽ ഷരാ വിശേഷിപ്പിച്ചത്. അവകാശങ്ങളെ ബഹുമാനിക്കുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു പുതിയ സിറിയയ്ക്കുള്ള ആഹ്വാനങ്ങളിലേക്കാണ് പ്രഖ്യാപനങ്ങൾ നയിക്കുന്നതെന്ന് ഷരാ പറഞ്ഞു. "സിറിയയ്ക്ക് ഒരു പുതിയ ചരിത്രം, ഇവിടെ നമ്മൾ അടിച്ചമർത്തലിനെ നീതി കൊണ്ടും കഷ്ടപ്പാടിനെ കരുണ കൊണ്ടും മാറ്റി സ്ഥാപിക്കുന്നു", ഷരാ പറഞ്ഞു. പുതിയ ഭരണകൂടം വന്നതിനു പിന്നാലെ, അസദ് ഭരണകാലത്തെ ഭരണഘടന റദ്ദാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
പ്രസിഡന്റ് പങ്കുവച്ച രേഖയുടെ പകർപ്പ് പ്രകാരം, മുൻ അസദ് ഭരണകൂടത്തെയും അതിന്റെ ചിഹ്നങ്ങളെയും മഹത്വവൽക്കരിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെ തന്നെ ആ ഭരണകാലയളവിൽ നടന്ന കുറ്റകൃത്യങ്ങളെ നിഷേധിക്കുന്നതും, പ്രശംസിക്കുന്നതും, ന്യായീകരിക്കുന്നതും അല്ലെങ്കിൽ കുറച്ചുകാണുന്നതും വിലക്കിയിട്ടുണ്ട്. ഈ രേഖ സ്ത്രീകള്‍ക്ക് തൊഴിൽ, വിദ്യാഭ്യാസം, രാഷ്ട്രീയ- സാമൂഹിക-സാമ്പത്തിക അവകാശങ്ങൾ എന്നിവ ഉറപ്പ് നൽകുന്നുവെന്ന് ഭരണഘടനാ രൂപീകരണ കമ്മിറ്റി അംഗമായ അബ്ദുൾ ഹമീദ് അൽ-അവക് പറഞ്ഞു. അഞ്ച് വർഷത്തെ പരിവർത്തന കാലയളവാണ് ഭരണഘടനാ പ്രഖ്യാപനം വ്യവസ്ഥ ചെയ്യുന്നത്. ഈ കാലയളവിൽ മുൻ സർക്കാരിന്റെ പ്രവൃത്തികളുടെ ഇരകൾക്കും അതിജീവിതർക്കും നീതി നൽകുന്നതിനായി ഒരു 'പരിവർത്തന നീതി കമ്മീഷൻ' രൂപീകരിക്കുമെന്നും രേഖ വാഗ്ദാനം ചെയ്യുന്നു.
ബഷർ അൽ ഷാരാ ഭരണകൂടം ചരിത്രം തിരുത്തിക്കുറിച്ച് സിറിയൻ സെൻട്രൽ ബാങ്ക് ഗവർണറായി ഒരു സ്ത്രീയെ നിയമിച്ചിരുന്നു. മയ്സാ സബ്രീൻ ആണ് സെൻട്രൽ ബാങ്ക് ഗവർണറായി നിയമിതയായത്. 2021ൽ ഗവർണറായ മുഹമ്മദ് ഇസ്സാം ഹാസിമിനെ പുറത്താക്കിയായിരുന്നു സബ്രീന്‍റെ നിയമനം. ബാങ്കിൻ്റെ ഡെപ്യൂട്ടി ഗവർണറായും ഓഫീസ് കൺട്രോൾ ഡിവിഷൻ മേധാവിയായും മയ്സാ സബ്രീൻ സേവനമനുഷ്ഠിച്ചിരുന്നു. അടുത്തകാലത്താണ്, പുതിയ ഭരണാധികാരികൾ സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ഡമാസ്കസിലെ തെരുവുകളിൽ സ്ത്രീകൾ പ്രതിഷേധവുമായി ഇറങ്ങിയത്.
സിറിയയുടെ മെഡിറ്ററേനിയൻ തീരത്ത് സുരക്ഷാ സേനയുമായിട്ടുണ്ടായ സംഘർഷങ്ങളിൽ 1,500 ഓളം സിവിലിയൻസ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ മാറ്റങ്ങളുടെ പ്രഖ്യാപനം. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും അസദ് കുടുംബത്തിനു വേരുകളുള്ള ന്യൂനപക്ഷമായ അലവി വിഭാഗത്തിൽ നിന്നുള്ളവരാണ്. 2024 ഡിസംബറിലാണ് ഹയാത് തഹ് രീർ അല്‍ഷാം സിറിയയിലെ അസദ് ഭരണം അട്ടിമറിച്ചത്. ആഭ്യന്തര യുദ്ധത്തിനുശേഷമുള്ള 13 വർഷക്കാലം, അസദ് ഭരണകൂടം നടത്തിയ കൂട്ടക്കൊലകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചവരില്‍ ഭൂരിഭാഗവും അസദിന്‍റെ അലവി വിഭാഗത്തില്‍പ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ വിമത അട്ടിമറി രാജ്യത്തെ ഷിയാ-അലവി ഇതര ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കിയിരുന്നു.