മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത്
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. ഹമാസ് ഇന്ന് മൂന്ന് ബന്ദികളെ മോചിപ്പിക്കും. റോമി ഗോണൻ (24), എമിലി ഡമാരി (28), ഡോറോൺ സ്റ്റെയിൻബ്രെച്ചർ (31) എന്നിവരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7. 30ന് ശേഷമായിരിക്കും ബന്ദികളുടെ കൈമാറ്റം.
“ബന്ദികളെ മോചിപ്പിക്കാനുള്ള പദ്ധതി പ്രകാരം, ഗാസയിലെ ഒന്നാം ഘട്ട വെടിനിർത്തൽ പ്രാദേശിക സമയം 11:15 ന് (09:15 GMT) പ്രാബല്യത്തിൽ വരും,” ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
Also Read: ഗാസ വെടിനിർത്തൽ കരാർ: പ്രതിസന്ധി അയയുന്നു; ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങൾ കൈമാറി ഹമാസ്
അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുവിവരങ്ങൾ ഹമാസ് നൽകാത്തതിനെ തുടർന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത് വൈകി. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ പ്രതിരോധ സേന ആക്രമണങ്ങളും ആരംഭിച്ചു. ഇതിനു പിന്നാലെ ഇന്ന് മോചിപ്പിക്കുന്ന മൂന്ന് സിവിലിയൻ സ്ത്രീകളുടെ വിവരങ്ങൽ ഹമാസ് കൈമാറി. തുടർന്നാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ, ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ആഴ്ചയ്ക്കുള്ളിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ബാക്കിയുള്ള 98 ബന്ദികളെ രണ്ടാം ഘട്ടത്തിലാകും മോചിപ്പിക്കുക.