fbwpx
അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തിയ ഇന്ത്യൻ ഭാവി വാഗ്ദാനം; ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച ബികാഷ് യുമ്നം ആരാണ്?
logo

ശരത് ലാൽ സി.എം

Posted : 19 Jan, 2025 04:34 PM

2020ൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച 60 യുവ പ്രതിഭകളെ തെരഞ്ഞെടുത്ത, ദി ഗാർഡിയൻ്റെ "നെക്‌സ്റ്റ് ജനറേഷൻ 2020" പട്ടികയിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരനായി ബികാഷ് യുമ്നം അന്താരാഷ്ട്ര പ്രശംസ നേടിയിരുന്നു

FOOTBALL


പ്രതിരോധ നിരയിൽ ഫോമിലല്ലാത്ത ഇന്ത്യൻ ഡിഫൻഡർ പ്രീതം കോട്ടാലിനെ വിട്ടുനൽകി 21കാരൻ സെൻ്റർ ബാക്കിനെ ചെന്നൈയ്ൻ എഫ്‌സിയിൽ നിന്ന് ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. യുവ ഡിഫൻഡർ ബികാഷ് യുമ്നവുമായി 2029 വരെയാണ് ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയത്. ഡിഫൻസിൽ ആളൊരു പുലിയാണെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിലെ ലിലോംഗ് ചാജിംഗിൽ 2003 സെപ്റ്റംബർ 6ന് ജനിച്ച ബികാഷ് യുമ്നം ഐ ലീഗിൽ ഇന്ത്യൻ ആരോസിനൊപ്പമാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020 ഫെബ്രുവരി 5ന് നെറോക എഫ്‌സിക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ പ്രകടനങ്ങൾ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിയിലേക്ക് മാറാൻ കാരണമായി.



2023 ജനുവരിയിലാണ് ചെന്നൈയിൻ എഫ്‌സിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യൻ ഫുട്‌ബോളിലെ ഭാവി താരമെന്ന നിലയിൽ വാഴ്ത്തപ്പെട്ടു. അണ്ടർ 16, അണ്ടർ 19, അണ്ടർ 20 ടീമുകളെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ യൂത്ത് ദേശീയ ടീമുകളിലും സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. മലേഷ്യയിൽ നടന്ന 2018 എഎഫ്‌സി അണ്ടർ 16 ചാംപ്യൻഷിപ്പിൻ്റെ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യൻ അണ്ടർ 16 ടീമിൽ അംഗമായിരുന്നു. 2017ലെ സാഫ് അണ്ടർ 15 ചാംപ്യൻഷിപ്പിലും, 2022ലെ സാഫ് അണ്ടർ 20 ചാംപ്യൻഷിപ്പിലും ഉൾപ്പെടെ ഇന്ത്യൻ വിജയങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ നിർണായകമായിരുന്നു.


2020ൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച 60 യുവ പ്രതിഭകളെ തെരഞ്ഞെടുത്ത, ദി ഗാർഡിയൻ്റെ "നെക്‌സ്റ്റ് ജനറേഷൻ 2020" പട്ടികയിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരനായി ബികാഷ് യുമ്നം അന്താരാഷ്ട്ര പ്രശംസ നേടിയിരുന്നു. വൈകാതെ ഇന്ത്യൻ സീനിയർ ടീമിലും സ്ഥിര സാന്നിധ്യമായേക്കും. പന്തിന് മുകളിലുള്ള അസാധ്യമായ കൺട്രോൾ, ഓരോ ഘട്ടത്തിലും ഗെയിം തിരിച്ചറിഞ്ഞ് കളിമെനയാനുള്ള ശേഷി, അസാധാരണമായ ലോംഗ് ത്രോ ഇന്നുകൾ എന്നിവയെ അന്താരാഷ്ട്ര മാധ്യമം പ്രശംസിച്ചിരുന്നു.



കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരുന്നതിൽ അതിയായ ആവേശത്തിലാണ് യുമ്നം. “കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. യുവ പ്രതിഭകൾക്ക് പിന്തുണ നൽകുന്നതിലും, അവസരങ്ങൾ നൽകുന്നതിലും സമ്പന്നമായ ചരിത്രമാണ് ക്ലബ്ബിനുള്ളത്. ടീമിന് മികച്ച സംഭാവനകൾ നൽകാൻ ഞാൻ ആവേശഭരിതനാണ്. ഞാൻ ഇവിടെയുള്ളിടത്തോളം കാലം, ഒരു കളിക്കാരനെന്ന നിലയിൽ വിജയിക്കുകയും വളരുകയും ചെയ്യുമെന്ന് ആരാധകർക്ക് ഉറപ്പുനൽകുന്നു," ബികാഷ് യുമ്നം പറഞ്ഞു.


ALSO READ: "ക്ലബ്ബിൻ്റെ വളർച്ചയ്ക്കും വിജയത്തിനും പ്രതിജ്ഞാബദ്ധം"; ഏഴിന നിർദേശങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ്


ബികാഷ് യുമ്നത്തെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. "അദ്ദേഹത്തിൻ്റെ സ്കില്ലുകൾ ഭാവിയിലേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി ഒത്തുചേരുന്നതാണ്. ബ്ലാസ്റ്റേഴ്സിൻ്റെ പ്രതിരോധ നിരയിൽ അദ്ദേഹം അമൂല്യമായ സ്വത്തായിരിക്കും. അവൻ ഞങ്ങളോടൊപ്പം കൂടുതൽ വളരുന്നത് കാണാൻ കാത്തിരിക്കുന്നു," സ്കിൻകിസ് കൂട്ടിച്ചേർത്തു.



"ഈ സീസണിലെ ശേഷിക്കുന്ന മാച്ചുകളിലും വരാനിരിക്കുന്ന സീസണുകളിലും ടീമിൻ്റെ അഭിലാഷങ്ങൾക്ക് ഉത്തേജനം നൽകിക്കൊണ്ട് യുമ്നത്തിൻ്റെ വരവ് പ്രതിരോധ നിരയെ ശക്തിപ്പെടുത്തുമെന്ന് ക്ലബ്ബിന് ഉറപ്പുണ്ട്. പരിശീലനം ആരംഭിക്കുന്നതിനും ടീമുമായി ഒത്തിണക്കം നേടുന്നതിനുമായി ബികാഷ് ഉടൻ തന്നെ കൊച്ചിയിലെ ടീമിനൊപ്പം ചേരും. ബ്ലാസ്റ്റേഴ്‌സിൻ്റെ ഐക്കോണിക് നിറങ്ങളുള്ള ജേഴ്സിയിൽ വിജയകരമായ യാത്രയ്ക്ക് അദ്ദേഹത്തിന് ആശംസകൾ നേരുന്നു," ക്ലബ്ബ് ഔദ്യോഗികമായി ആശംസയറിയിച്ചു.


KERALA
"കോട്ട് ഇട്ടതുകൊണ്ട് ആരും മാന്യരാകില്ല, കാന്തപുരം മുസ്ലിയാർക്കെതിരെ നടത്തിയത് പച്ചയായ അധിക്ഷേപം"; ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഹമ്മദലി കിനാലൂർ
Also Read
user
Share This

Popular

KERALA
KERALA
"കോട്ട് ഇട്ടതുകൊണ്ട് ആരും മാന്യരാകില്ല, കാന്തപുരം മുസ്ലിയാർക്കെതിരെ നടത്തിയത് പച്ചയായ അധിക്ഷേപം"; ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഹമ്മദലി കിനാലൂർ