താൻ ഒറ്റയ്ക്ക് കരയും, മകന് നൽകുന്ന ശിക്ഷ എന്തു തന്നെയായലും സ്വീകരിക്കുമെന്നും, അമ്മ പറഞ്ഞു
കൊൽക്കത്ത ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിയുടെ അമ്മ. കേസിൽ മകനെ തൂക്കിക്കൊല്ലാൻ വിധിച്ചാലും, എതിർക്കില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. താൻ ഒറ്റയ്ക്ക് കരയും, മകന് നൽകുന്ന ശിക്ഷ എന്തു തന്നെയായലും സ്വീകരിക്കുമെന്നും, അമ്മ പറഞ്ഞു.
സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന വിധി വന്നതിന് പിന്നാലെ അമ്മ മാധ്യമങ്ങളെ കാണാൻ വിസമ്മതിച്ചിരുന്നു. താൻ മൂന്ന് പെൺമക്കളുടെ അമ്മ കൂടിയാണ്. മകൾ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അമ്മ പറഞ്ഞു. കോടതിയിലെ ഏതെങ്കിലും വാദത്തിനിടെ ഹാജരാകുകയോ ലോക്കപ്പിൽ റോയിയെ കാണുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, "ഇല്ല, ഞാനെന്തിന് പോകണം?"എന്നായിരുന്നു അമ്മയുടെ മറുപടി.
"അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, അയാൾക്ക് തക്കതായ ശിക്ഷ ലഭിക്കണം. ഉത്തരവിനെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല", സഹോദരി പറഞ്ഞു. സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 7 നാണ് പ്രതി സഞ്ജയ് റോയിക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 57 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബർ 12ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9നാണ് വാദം കേൾക്കൽ അവസാനിച്ചത്.
പശ്ചിമ ബംഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു.