ഒയാസിസ് കമ്പനിക്കും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് ബ്രൂവറി തുടങ്ങാൻ പോകുന്ന കാര്യം അറിയാമായിരുന്നത്
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒയാസിസ് കമ്പനിക്കും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് ബ്രൂവറി തുടങ്ങാൻ പോകുന്ന കാര്യം അറിയാമായിരുന്നത്. കമ്പനിയുടെ പ്രൊപ്പഗാണ്ട മാനേജറെ പോലെയാണ് എം.ബി. രാജേഷ് സംസാരിക്കുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ALSO READ: ബ്രൂവറി വിവാദം: പദ്ധതി പിൻവലിക്കണം, മദ്യ നിർമാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
"മൂന്നു മാസം മന്ത്രി ഫയൽ കയ്യിൽ വെച്ചു. കോളേജ് തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞ് പഞ്ചായത്തിനെ പോലും പറ്റിച്ചു. വാട്ടർ അതോറിറ്റി വെള്ളം വീട്ടിൽ നിന്നെടുത്താണോ കൊടുക്കുന്നത്. ആ നാട്ടിൽ ആളുകൾക്ക് കൊടുക്കാൻ വാട്ടർ അതോറിറ്റിക്ക് വെള്ളമില്ല. ഈ കമ്പനിക്ക് കൊടുക്കാൻ തീരുമാനിച്ചതിൽ അഴിമതി നടന്നു. കൗൺസിലറെ തട്ടിക്കൊണ്ടുപോയതിൽ ഇതുവരെ കേസെടുത്തിട്ടില്ല. തിരുവനന്തപുരത്തു നിന്ന് ആരാണ് തട്ടിക്കൊണ്ടു പോകാൻ നിർദേശം നൽകിയത്. ഡിവൈഎസ്പിയാണ് ഇതിന് വഴിയൊരുക്കി കൊടുത്തത്. മറ്റുള്ളവരുടെ മെക്കിട്ട് കയറി മടുത്ത് ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്ക് നേരെയാണ്," വി.ഡി. സതീശൻ പറഞ്ഞു.
ALSO READ: ബ്രൂവറിക്ക് അനുമതി നൽകിയത് പിണറായി സർക്കാരിൻ്റെ വലിയ കുംഭകോണം: രാഹുൽ മാങ്കൂട്ടത്തിൽ
എലപ്പുളളിയിൽ സംയോജിത മദ്യ നിർമാണ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണുയർത്തുന്നത്. പദ്ധതി നടപ്പിലാക്കുന്ന ഒയാസിസ് കമ്പനിയുടെ സ്ഥലത്ത് ബിജെപിയും,കോൺഗ്രസും കൊടി കുത്തി സമര പ്രഖ്യാപനം നടത്തി. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്പനിയെ കാല് കുത്താൻ അനുവദിക്കില്ലെന്ന് വി. കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. പദ്ധതി അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി. നാളെ ബിജെപിയും, യൂത്ത് കോൺഗ്രസും മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തര യോഗവും നാളെ ചേരും.