ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിൻ്റെ ഫലമാണിത്. അതിജീവിതയായ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും പത്മനാഭൻ പറഞ്ഞു
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി, കമ്മീഷൻ ആയിരുന്നെങ്കിൽ നടപടികളിലേക്ക് പോകുമായിരുന്നുവെന്ന് സാഹിത്യകാരൻ ടി പത്മനാഭൻ. ഹേമ കമ്മീഷൻ എന്നതിനു പകരം ഹേമ കമ്മിറ്റി എന്നാക്കിയപ്പോൾ തന്നെ ആദ്യ പാപം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ ആയിരുന്നെങ്കിൽ കൂടുതൽ നിയമ നടപടി എടുക്കാൻ സാധിച്ചേനെയെന്നും എറണാകുളം ഡിസിസിയിൽ നടന്ന വെള്ളിത്തിരയിലെ വിലാപങ്ങൾ എന്ന പരിപാടിയിൽ സംസാരിക്കവെ ടി പത്മനാഭൻ പറഞ്ഞു.
സർക്കാർ നാലര വർഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ അടയിരുന്നത്. ഇരയ്ക്കൊപ്പമെന്നാണ് സർക്കാർ പറയുന്നതെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ല. ഹേമകമ്മിറ്റി റിപ്പോർട്ടിലെ പല കടലാസുകളും എവിടെയെന്ന് ആരാഞ്ഞ അദ്ദേഹം പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചു. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിൻ്റെ ഫലമാണിത്. അതിജീവിതയായ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും പത്മനാഭൻ പറഞ്ഞു.
READ MORE: AMMA യിലെ കൂട്ടരാജി ഭീരുത്വം; ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്തണം: പാർവതി തിരുവോത്ത്
സാംസ്കാരിക മന്ത്രി സജി ചെറിയാനെയും ടി. പത്മനാഭൻ വിമർശിച്ചു. സജി ചെറിയാൻ്റെ പ്രസ്താവന നിഷ്കളങ്കമായ സത്യപ്രസ്താവനെയെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. ഹേമകമ്മിറ്റി റിപ്പോർട്ട് പഠിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇതൊരു പരമ്പരയാണ്. ഇപ്പോൾ പുറത്തുവന്ന കടലാസ് കഷ്ണങ്ങളിൽ നിന്നും ഒരുപാട് ബിംബങ്ങൾ വീണുടഞ്ഞു.എല്ലാ കാർഡുകളും മേശ പുറത്തിറക്കണം. എന്നാൽ മാത്രമേ സർക്കാരിനെ ജനങ്ങൾ വിശ്വാസത്തിൽ എടുക്കൂ. പുറത്തു വന്ന വിവരങ്ങളിൽ അതീവ ദുഖിതനാണെന്നും പത്മനാഭൻ പറഞ്ഞു.
READ MORE: "മുകേഷിൻ്റെ രാജിയാണ് ആവശ്യമെങ്കിൽ ആദ്യം കോൺഗ്രസ് എംഎൽഎമാർ രാജി വെക്കണം": ഇ.പി. ജയരാജൻ