മുൻ ചർച്ചകളേക്കാൾ ഇപ്പോൾ നടക്കുന്ന ചർച്ച പുരോഗതിയുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി പ്രതികരിച്ചു
ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ അന്തിമ കരട് രേഖ ഇസ്രയേലിനും ഹമാസിനും കൈമാറിയതായി റിപ്പോർട്ട്. മധ്യസ്ഥരായ ഖത്തർ ഇരുവിഭാഗത്തിനും രേഖ കൈമാറിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തറിൽ പുരോഗമിക്കുന്ന ചർച്ചകളിൽ മൊസാദ്, ഷിൻ ബെറ്റ് മേധാവികളും ഖത്തർ പ്രധാനമന്ത്രിയും ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കുന്നുണ്ട്.
മുൻ ചർച്ചകളേക്കാൾ ഇപ്പോൾ നടക്കുന്ന ചർച്ച പുരോഗതിയുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി പ്രതികരിച്ചു. 24 മണിക്കൂറിനുള്ളിൽ ഗാസാ വെടിനിർത്തലിൽ നിർണായക തീരുമാനം പുറത്തുവന്നേക്കും. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും, ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിലെ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ചർച്ചകൾ നടത്തി.
ഇതേവേദിയിൽ ഹമാസും ഇസ്രയേൽ ഉദ്യോഗസ്ഥരും പരോക്ഷ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ALSO READ: യുദ്ധം അവസാനിക്കുമോ? ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ഇടപെടലുകൾ വേഗത്തിലാക്കി യുഎസ്
ഇരുപക്ഷത്തിൻ്റെയും സമ്മതത്തോടെ കരാറിൻ്റെ ആദ്യ ദിവസം തന്നെ ഹമാസ് മൂന്ന് ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതിനുശേഷം ഇസ്രയേൽ ജനവാസ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു. ഏഴ് ദിവസത്തിന് ശേഷം ഹമാസ് നാല് ബന്ദികളെ കൂടി മോചിപ്പിക്കും. കൂടാതെ തെക്കൻ പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ വടക്കോട്ട് മടങ്ങാൻ ഇസ്രയേൽ അനുവദിക്കും. തീരദേശ റോഡിലൂടെ കാൽനടയായിട്ടാണ് സഞ്ചരിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. 15 വർഷമോ അതിൽ കൂടുതലോ തടവ് അനുഭവിക്കുന്ന 190 പേർ ഉൾപ്പെടെ 1,000 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. അതിന് പകരമായി 34 ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ALSO READ: അധികാരമേൽക്കാൻ ഇനി ദിവസങ്ങൾ മാത്രം; ചടങ്ങ് ചരിത്രസംഭവമാക്കാൻ ഡൊണാൾഡ് ട്രംപ്
ജനുവരി 20ന് അധികാരമേൽക്കുന്നതിന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ "എല്ലാ നരകവും" തകർക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. "ആ ബന്ദികൾ തിരിച്ചെത്തിയില്ലെങ്കിൽ, നിങ്ങളുടെ ചർച്ചയെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ എത്തുമ്പോഴേക്കും അവർ തിരിച്ചെത്തിയില്ലെങ്കിൽ, അറബ് രാജ്യങ്ങൾ മുഴുവൻ തകർക്കും, " ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിൻ്റെ അന്ത്യശാസനം.