ജനുവരി 20നാണ് 47 - മത് യുഎസ് പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് അധികാരമേൽക്കുന്നത്
രണ്ടാം തവണ അധികാരമേറ്റെടുക്കുന്ന ചടങ്ങ് ചരിത്രസംഭവമാക്കാൻ ഒരുങ്ങി അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡൻ്റ് ഉൾപ്പെടെ പ്രധാന ലോകനേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെക് ഭീമന്മാരും വൻ വ്യവസായികളുമടക്കം നീണ്ട നിരയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോൾ ബിൽഡിങിലാകും ചടങ്ങ് നടക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി ദശലക്ഷക്കണക്കിന് ഡോളറിന്റെ സംഭാവന പ്രവാഹമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ജനുവരി 20നാണ് 47 - മത് യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത്. തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോൾ ബിൽഡിങിൽ നടക്കുന്ന ചടങ്ങിൽ ട്രംപിനൊപ്പം വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും അധികാരമേൽക്കും. പാരമ്പര്യമനുസരിച്ച് യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ലോകനേതാക്കൾക്ക് ക്ഷണമില്ല. എന്നാൽ ഇത്തവണ അത് ലംഘിച്ച് ട്രംപ് രണ്ടാം വരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ്.
ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്ക് ഇതിനോടകം തന്നെ ക്ഷണം ലഭിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയം ചൈനീസ് പ്രസിഡൻ്റിനുള്ള ക്ഷണമാണ്. ഷി ജിൻപിംഗ് ഉൾപ്പെടെയുള്ള ചില നേതാക്കളെ ട്രംപ് വ്യക്തിപരമായാണ് ക്ഷണിച്ചിരിക്കുന്നത്. യുഎസും ബീജിങും മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷണത്തിന് പ്രാധാന്യമേറെയാണ്. എതിരാളികളോടും ട്രംപിന് തുറന്ന സമീപനമെന്നതിന് ഉദാഹരണമാണ് ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണമെന്ന് ട്രംപിൻ്റെ വക്താവ് കരോലി ലീവിറ്റ് പറഞ്ഞു.
എന്നാൽ ഷി ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും പകരം വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനെയോ വിദേശകാര്യമന്ത്രി വാങ് യീ യെയോ അയച്ചേക്കുമെന്നാണ് റിപ്പോർട്ട്. എൽ സാൽവഡോർ പ്രസിഡൻ്റ് നയിബ് ബുകെലെ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജൻ്റീനിയൻ പ്രസിഡൻ്റ് ജാവിയർ മിലി എന്നിവരും ക്ഷണം ലഭിച്ചവരുടെ പട്ടികയിലുണ്ട്. സത്യപ്രതിജ്ഞ ചടങ്ങ് ലോക നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള ആഗോള വേദിയായിരിക്കണമെന്ന ശാഠ്യം ട്രംപിനുണ്ട്. " ഞാൻ ഒരുപാട് മഹത് വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാം എൻ്റെ ക്ഷണം സ്വീകരിച്ചിട്ടുമുണ്ട് " ട്രംപ് പറഞ്ഞു.
അതേസമയം, കോർപ്പറേറ്റ് ലോകവും ട്രംപിൻ്റെ ചടങ്ങിൽ പങ്കെടുക്കാൻ മത്സരിക്കുകയാണ്. വ്യവസായ പ്രമുഖരുടെ വൻ സംഭാവനകളാണ് ചടങ്ങിലേക്ക് ഒഴുകുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് 170 മില്യൺ ഡോളർ സംഭാവന ലഭിച്ചു കഴിഞ്ഞു. ഇത് 200 ദശലക്ഷം ഡോളർ കടന്നേക്കുമെന്നാണ് സൂചന. ബോയിംഗ് , ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഊബർ എന്നിവ ഒരു മില്യൺ ഡോളർ വീതം സംഭാവന നൽകി. ആപ്പിൾ സിഇഒ ടിം കുക്കും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും 1 മില്യൺ ഡോളർ വീതം നൽകി. 2017 ൽ ട്രംപിൻ്റെ ആദ്യ ടേമിൽ ലഭിച്ചത് 107 മില്യൺ ഡോളറായിരുന്നു. ആ റെക്കോർഡ് ഇത്തവണ ട്രംപ് തകർത്തു.
വിഐപി പാസ് കിട്ടാനില്ലെന്നാണ് കോർപ്പറേറ്റ് പ്രമുഖരുടെ പരാതി. സ്ഥലപരിമിതിയാണ് കാരണം. പാസ് ഇല്ലാത്തവർക്ക് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള സൗജന്യ ടിക്കറ്റ് ഉപയോഗിച്ച് പങ്കെടുക്കാം. ഒരു മില്യൺ ഡോളറോ രണ്ടു മില്യൺ ഡോളറോ നൽകിയവർക്ക് പ്രത്യേകം ആറു ടിക്കറ്റുകൾ കൂടി ലഭിക്കും. തുകയുടെ വലുപ്പമനുസരിച്ച് ജനുവരി 19 നു ട്രംപിനും ഭാര്യ മെലാനിയക്കുമൊപ്പം ഒരു ഡിന്നർ ഓഫറും വ്യവസായികൾക്കായി ട്രംപ് മുന്നോട്ടു വെച്ചിട്ടുണ്ട്.