ഒഡീഷ സ്വദേശികളായ മാനസ്-ഹമീസ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള പെൺകുഞ്ഞിനെയാണ് തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വെട്രിവേൽ തട്ടിയെടുത്ത് കടന്നു കളയാൻ ശ്രമിച്ചത്
ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങി പോയ ഒഡീഷ ദമ്പതികളിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് തമിഴ്നാട് സ്വദേശി. പ്രതി വെട്രിവേലിനെ നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് വെട്രിവേലിനെ ഓട്ടോ തൊഴിലാളികൾ പിടികൂടിയത്.
ഒഡീഷ സ്വദേശികളായ മാനസ്-ഹമീസ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള പെൺകുഞ്ഞിനെയാണ് തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വെട്രിവേൽ തട്ടിയെടുത്ത് കടന്നു കളയാൻ ശ്രമിച്ചത്. ഒഡീഷയിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന മാനസും ഹമീസും യാത്രക്കിടെ ഉറങ്ങി പോയി. ഇതോടെ ഇവരുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വെട്രിവേൽ തട്ടിയെടുത്തു. ശേഷം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ട്രെയിൻ തൃശൂരിലെത്തുന്നതിന് മുൻപ് ഉറക്കമുണർന്നപ്പോഴാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം മാനസും ഹമീസയും അറിയുന്നത്. ഉടൻ റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു.
ALSO READ: വഡോദരയിലെ കാറപകടം: വാഹനമോടിച്ച രക്ഷിത് കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് വൈദ്യ പരിശോധന ഫലം
കുഞ്ഞുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ വെട്രിവേൽ, ഏറെ നേരം പ്ലാറ്റ്ഫോമിലൂടെ നടന്ന ശേഷം പുറത്തേക്ക് വന്നു. ഇയാളുടെ കയ്യിരുന്ന കുഞ്ഞ് നിർത്താതെ കരയുന്നുണ്ടായിരുന്നു. ഇത് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ശ്രദ്ധിച്ചു. അവർ വെട്രിവേലിനെ ചോദ്യം ചെയ്തു. എന്നാൽ കുഞ്ഞ് തൻ്റേത് തന്നെയാണെന്ന് വെട്രിവേൽ അവരോട് പറഞ്ഞെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കേണ്ടി വന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പാലക്കാട് പൊലീസിൽ വിവരമറിയിച്ചു. പ്രതിക്കെതിരെ തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളുണ്ടെന്നാണ് പൊലീസ് ഭാഷ്യം. നടപടി ക്രമങ്ങൾക്ക് ശേഷം കുഞ്ഞിനെ ഒഡീഷ ദമ്പതികൾക്ക് കൈമാറി.