നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലുമെന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടർന്നാണ് പദവി റദ്ദാക്കാൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്
ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ. വനം വകുപ്പിന്റേത് ധിക്കാരപരമായ നടപടിയാണെന്ന് കെ. സുനിൽ പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലുമെന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടർന്നാണ് പദവി റദ്ദാക്കാൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം നാടിന്റെ വികാരമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു. വിഷയം പരിഹരിക്കാനുള്ള ചർച്ച ആയിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്നും കെ. സുനിൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് വനം വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പദവി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയത്. ചക്കിട്ടപാറയില്‍ പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം. കഴിഞ്ഞ മാസമാണ് ചക്കിട്ട പാറ ഭരണസമിതി വിവാദ തീരുമാനം കൈക്കൊണ്ടത്.
ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന് പദവി ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയിലേക്ക് മാറ്റിയതായി വനംമന്ത്രി എ.കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. പ്രസിഡന്റിന്റെ നിലപാട് വിവാദമായതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് വനം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
കഴിഞ്ഞ മാസമാണ് പഞ്ചായത്ത് ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള വിവാദ തീരുമാനം എടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തതിനു പിന്നാലെ നിലപാട് പഞ്ചായത്ത് മയപ്പെടുത്തുകയും ചെയ്തു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്.