"ഈഴവ സമുദായത്തിന് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല. സമുദായത്തിന്റെ നേതൃത്വത്തിലുള്ളയാൾ എന്ന നിലയിൽ അത് മനോവിഷമം ഉണ്ടാക്കി"
മലപ്പുറം പ്രസംഗത്തെ വളച്ചൊടിച്ചെന്ന വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്തെ ഈഴവരുടെ പിന്നാക്കാവസ്ഥയെ കുറിച്ചാണ് പ്രസംഗിച്ചത്. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ലീഗ് ശ്രമം നടത്തി. മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഈഴവ സമുദായത്തിന് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല. സമുദായത്തിന്റെ നേതൃത്വത്തിലുള്ളയാൾ എന്ന നിലയിൽ അത് മനോവിഷമം ഉണ്ടാക്കി. മുസ്ലീം സമുദായത്തിന് 11 എയ്ഡഡ് കോളേജുകൾ ഉണ്ട്. പ്രമുഖരായ സമ്പന്നർക്കാണ് അവിടെ കോളേജുകൾ കൂടുതലും ഉള്ളത്. ആറ് അറബിക് കോളേജുകളും അവിടെ ഉണ്ട്. സർക്കാരിലെ സ്വാധീനം കൊണ്ട് ലീഗിലെ ചില ആൾക്കാർ കോളേജുകൾ നേടിയെടുത്തു. ഞാൻ മുസ്ലീം വിരോധിയല്ല. റഹീമിനെ സിൻഡിക്കേറ്റ് അംഗമാക്കിയത് ഈഴവർ വോട്ട് നൽകിയിട്ടാണ്. മതവിദ്വേഷം ഉണ്ടായിരുന്നെങ്കിൽ ഈഴവനെ നിർത്തി വിജയിപ്പിക്കമായിരുന്നില്ലേയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
56% ആണ് മലപ്പുറത്തെ മുസ്ലീം ജനസംഖ്യ. മലപ്പുറം മുസ്ലീം രാജ്യമാണെന്ന് പറയാൻ കഴിയില്ല. മലപ്പുറത്തെ മുസ്ലീങ്ങൾ പോലും അങ്ങനെ പറയില്ല. 44 % ഹിന്ദുക്കളിൽ ഒരാളെ പോലും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കിയിട്ടില്ല. ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതി ചിന്ത ഉണ്ടാക്കുന്നത്. പിണറായി വിജയൻ പറഞ്ഞാൽ നവോത്ഥാന സമിതി ഭാരവാഹിത്വത്തിൽ നിന്നും പിന്മാറും. ന്യൂനപക്ഷങ്ങൾക്ക് അംഗീകാരം വരുമ്പോഴാണ് ലീഗ് അതിനെ എതിർത്ത് രംഗത്ത് വരുന്നത്. മലപ്പുറത്ത് പറഞ്ഞത് സാമൂഹ്യനീതി അല്ലാതെ എന്താണ്. പരാമർശങ്ങൾ മുസ്ലീങ്ങൾക്ക് എതിരല്ല. ചില ചാനലുകൾ എന്നോട് വിരോധമുള്ളവരെ ചർച്ചയ്ക്ക് വിളിച്ചിരുത്തി അഭിപ്രായം തേടുന്നു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല. അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ ആണി അടിക്കുന്നു. മലപ്പുറം ആരുടെയും സാമ്രാജ്യമല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവർക്ക് ജില്ലയിൽ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മൾ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട് എന്നാൽ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.