അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം നിലനിർത്തുന്നതിനായാണ് ഇത്
ഇന്ത്യയിലെ ഗ്രാമീണ മേഖല സാമൂഹികമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഗ്രാമങ്ങളും മാറ്റത്തിൻ്റെ വക്കിലാണെന്ന് തന്നെ പറയാം. പരമ്പരാഗതമായി കൈമാറി വന്ന പല കാര്യങ്ങളിൽ നിന്നും വേണ്ടുന്നത് ഏതെന്ന് തിരിച്ചറിഞ്ഞ് വേണ്ടാത്തതിനോട് മുഖം തിരിക്കാനും അതിനി മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്നും അവർ ഉറപ്പിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മഹാരാഷ്ട്രയിലെ 7,000-ത്തിലധികം ഗ്രാമങ്ങൾ. എന്താണെന്നല്ലെ.? വിധവകളെ ദുരിതത്തിലാക്കുകയും അവരോട് വിവേചനം കാണിക്കുകയും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർത്തലാക്കിയിരുക്കുകയാണ് ഈ ഗ്രാമങ്ങൾ. എന്തു മനോഹരമായ ആചാരമല്ലെ..
മഹാരാഷ്ട്രയിലെ 27,000 ഗ്രാമപഞ്ചായത്തുകളിലെ 7,683 ഗ്രാമങ്ങൾ ഗ്രാമസഭകൾ വിളിച്ചുചേർത്താണ് വിധവകളോട് വിവേചനം കാണിക്കുന്ന ആചാരങ്ങൾ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. വിധവകളുമായി ബന്ധപ്പെട്ട ദുരാചാരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നൽകുന്ന ആക്ടിവിസ്റ്റ് പ്രമോദ് സിൻജാഡെ പിടിഐയോടാണ് ഈ കാര്യം വ്യക്തമാക്കിയത്. 2022-ൽ കോലാപ്പൂർ ജില്ലയിലെ ഹെർവാഡ് വിധവാ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ നിരോധിച്ച രാജ്യത്തെ ആദ്യ ഗ്രാമമായി മാറിയതോടെയാണ് ഈ പ്രചരണം ശക്തി പ്രാപിച്ചത്. അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം നിലനിർത്തുന്നതിനായാണ് ഇത്.
ALSO READ: 100% ഒറിജിനല്‍; കോപ്പിയടി ആരോപണത്തില്‍ മറുപടിയുമായി ലാപതാ ലേഡീസ് കഥാകൃത്ത്
വിധവയുടെ 'മംഗലസൂത്ര'വും (വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന മാല) കാൽവിരലിലെ മോതിരങ്ങളും നീക്കം ചെയ്യുന്നതും അവരുടെ സിന്ദൂരം തുടയ്ക്കുന്നതും വളകൾ പൊട്ടിക്കുന്നതും നിരോധിച്ചുള്ളതായിരുന്നു 2022 മെയ് 4 ന് ഹെർവാഡ് ഗ്രാമം പാസാക്കി പ്രമേയം. ഇതോടെ വിധവകൾക്ക് വിലക്കപ്പെട്ട ഗണപതി പൂജകളിലും, ഹൽദി-കുങ്കുമം ചടങ്ങുകളിലും അവരെ കൂടി ഉൾപ്പെടുത്താൻ തുടങ്ങി. പിന്നാലെ, രാജ്യത്ത് വിധവകൾ നേരിടുന്ന വെല്ലുവിളികൾ ഒഴിവാക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരുടെ അന്തസ്സ് സംരക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ദേശീയ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വളകൾ പൊട്ടിക്കുന്നതും മംഗല്യസൂത്രവും കാൽവിരലിലെ മോതിരങ്ങളും ഊരിമാറ്റുന്നതുമായ ആചാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മുമ്പ് രണങ്ങൾ സംഭവിച്ച വീടുകൾ ഞങ്ങൾ സന്ദർശിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ആചാരങ്ങൾ ഏതാണ്ട് പൂർണമായി അവസാനിച്ചതായി ഹെർവാഡിന്റെ മുൻ സർപഞ്ച് സുർഗൊണ്ട പാട്ടീൽ പിടിഐയോട് പറഞ്ഞു. ഗ്രാമത്തിലെ ചില വിധവകൾ പുനർവിവാഹം ചെയ്തിട്ടുണ്ടെന്നും അവരെ സാമൂഹികവും മതപരവുമായ ഒത്തുചേരലുകളിൽ ഉൾപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മണാലിയിലേക്ക് ട്രിപ്പ് പോകാൻ പണമില്ല! ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കട കൊള്ളയടിച്ചു
വിധവകളോട് മാന്യമായും ബഹുമാനത്തോടെയുമാണ് ഇപ്പോൾ ആളുകൾ പെരുമാറുന്നതെന്ന് 12 വർഷം മുമ്പ് ഭർത്താവ് നഷ്ടപ്പെട്ട ഹെർവാഡ് നിവാസി വൈശാലി പാട്ടീൽ പറഞ്ഞു. നമ്മൾ മനുഷ്യരാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ആചാരങ്ങൾ ഒറ്റരാത്രികൊണ്ട് നിർത്താൻ കഴിയില്ല. കുടുംബങ്ങളിലെ മുതിർന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവർ പറഞ്ഞു.
ഹെർവാഡ് ഗ്രാമസഭയുടെ പ്രമേയം പാസാകുന്നതിന് വളരെ മുമ്പുതന്നെ വിധവകളെ പരിപാടികളിൽ ക്ഷണിച്ചിരുന്നുവെന്നാണ് നാഗ്പൂർ ജില്ലയിലെ കഡോളി ഗ്രാമത്തിൻ്റെ മുൻ സർപഞ്ച് പ്രഞ്ജൽ വാഗ് പറയുന്നത്. തന്റെ ഗ്രാമം 90 ശതമാനം സാക്ഷരരുള്ളതാണെന്നും വിധവകൾക്കെതിരായ ദുഷ്പ്രവൃത്തികൾ അവിടെ നടക്കുന്നില്ലെന്നുമാണ് മുസൽഗാവ് ഗ്രാമത്തിലെ സർപഞ്ച് അനിൽ ഷിർസാത്ത് പറഞ്ഞത്. സമാനസായ നടപടികൾ തന്നെയാണ് എല്ലാ ഗ്രാമങ്ങളും സ്വീകരിക്കുന്നത്. വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ അവർക്ക് പെൻഷനും വീടുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഇവർ പ്രതിജ്ഞയെടുക്കുമ്പോൾ പ്രതീക്ഷ ഉയരുന്നത് വിധവകൾക്ക് മാത്രമല്ല. ഇന്ത്യയുടെ ഭാവിയിലേക്ക് കൂടിയാണ്.