കൊച്ചി ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്
കൊച്ചി ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിലെ തൊഴില്‍ പീഡനത്തില്‍ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. പുറത്ത് വന്ന ടാര്‍ഗറ്റ് പീഡന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് വെളിപ്പെടുത്തലുകള്‍. പീഡനം നടന്നെന്ന് ആവര്‍ത്തിച്ച് കൂടുതല്‍ യുവാക്കളും രംഗത്തെത്തി.
കമ്പനിയില്‍ ട്രെയിനികളെ ഉപയോഗിച്ച് മാനേജര്‍മാര്‍ പന്തയം നടത്തും. തോല്‍ക്കുന്ന ട്രെയിനികളെ ക്രൂരപീഡനത്തിന് ഇരയാക്കും. സഹിക്കാനാകാത്ത പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ വെളിപ്പെടുത്തല്‍.
പന്തയത്തില്‍ ജയിക്കുന്ന ട്രെയിനികള്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ സമ്മാനം നല്‍കും. തോല്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. മത്സരബുദ്ധി വളര്‍ത്താനാണ് ഇത്തരം നികൃഷ്ടമായ പരിശീലനമെന്നാണ് മാനേജര്‍മാരുടെ വിശദീകരണം.
സ്ഥാപനത്തിനെതിരെ കൂടുതല്‍ യുവാക്കള്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. 2018ല്‍ പത്രപരസ്യം കണ്ട് ജോലിക്ക് സമീപിച്ച കോഴിക്കോട് മുക്കം സ്വദേശി അഭിജിത്ത് എന്ന യുവാവും വെളിപ്പെടുത്തലുമായി രംഗത്തെത്തി. തെറ്റിദ്ധരിപ്പിച്ചാണ് ജോലിയിലേക്ക് എടുക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.
ALSO READ: മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
ബിരുദം കഴിഞ്ഞ സമയത്താണ് ജോലിക്ക് എത്തുന്നത്. ഓഫീസ് ജോലി എന്ന് പറഞ്ഞാണ് തന്നെ എടുത്തത്. ജോലി സ്ഥലത്ത് വ്യക്തിബന്ധവും വിശ്വാസവും നേടിയെടുത്ത ശേഷമാണ് ശമ്പളമില്ലെന്നും കമ്മീഷന്‍ വ്യവസ്ഥയാണെന്നും പറയുന്നത്. സ്ഥാപനത്തില്‍ വലിയ രീതിയിലുള്ള തൊഴില്‍ ചൂഷണങ്ങളും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളും നേരത്തേ മുതല്‍ ഉണ്ടെന്ന് അഭിജിത്ത് പറയുന്നു. തനിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നിട്ടില്ലെങ്കിലും മര്‍ദനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ശാരീരിക കളിയാക്കലുകള്‍ നടത്തുന്നതും സഹപ്രവര്‍ത്തകര്‍ തന്നെയാണ്. പദവികള്‍ നല്‍കി ജീവനക്കാരെക്കൊണ്ട് പുതുതായി എത്തിയവരെ മര്‍ദിക്കും.
തൊഴില്‍ പീഡനം തുറന്ന് പറഞ്ഞ അഭിജിത്തിനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫ് വേട്ടയാടുകയാണെന്നും അഭിജിത്ത് പറയുന്നു.
ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്കിന്റെ തട്ടിപ്പിനിരയായ ഇടുക്കി സ്വദേശി ആല്‍ബിനെ ഉടമ ജോയ് ജോസഫ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും ന്യൂസ് മലയാളത്തിന് ലഭിച്ചു.