കോപ്പിയടി ആരോപണങ്ങള്‍ എഴുത്തുകാരനെന്ന നിലയില്‍ തന്റെ അധ്വാനത്തെ വിലകുറച്ചു കാണുന്നതും സിനിമയുടെ അണിയറ പ്രവർത്തകരുടെ പ്രയത്‌നത്തെ നിരാകരിക്കുന്നതാണെന്നും കഥാകൃത്ത്
ഇന്ത്യയുടെ അഭിമാന ചിത്രമാണ് ലാപതാ ലേഡീസ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം അടുത്തിടെ വിവാദത്തിലും പെട്ടിരുന്നു. ഒരു അറബിക് ഷോര്‍ട്ട്ഫിലിമിന്റെ പകര്‍പ്പാണ് ലാപതാ ലേഡീസ് എന്നായിരുന്നു ആരോപണം. ബുര്‍ഖ സിറ്റി എന്ന അറബിക് ഷോര്‍ട്ട്ഫിലിമിന്റെ പ്രമേയത്തില്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിനുള്ള സാമ്യതകള്‍ വിവരിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്.
ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകായണ് ലാപതാ ലേഡീസിന്റെ രചയിതാവായ ബിപ്ലബ് ഗോസ്വാമി. തന്റെ സിനിമ നൂറ് ശതമാനം ഒറിജിനല്‍ എന്നാണ് ബിപ്ലബ് ഗോസ്വാമി പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍, ബുര്‍ഖ സിറ്റി നിര്‍മിക്കുന്നതിനു മുമ്പ് 2014 ല്‍ തന്നെ തന്റെ തിരക്കഥ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ സമര്‍പ്പിച്ചതാണെന്നും ബിപ്ലബ് ഗോസ്വാമി വ്യക്തമാക്കുന്നു.
ALSO READ: രണ്ട് കിടിലൻ ലുക്കുകളിൽ മമ്മൂട്ടി ?; ആരാധകരിൽ ആവേശം നിറച്ച് ബസൂക്ക അപ്ഡേറ്റ്സ്
വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ച കഥയാണ് ലാപതാ ലേഡീസിന്റേത്. 2014 ജുലൈ 3 ന് 'ടു ബ്രൈഡ്‌സ്' എന്ന പേരില്‍ സിനിമയുടെ കഥ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. താന്‍ രജിസ്റ്റര്‍ ചെയ്ത സംഗ്രഹത്തിലും മൂടുപടം അണിഞ്ഞതു കാരണം വരന്‍ വധുവിനെ മാറി കൊണ്ടുവരുന്നതും, വധുവിനെ മാറിയ കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടുന്നതും കുടുംബം നേരിടുന്ന പ്രശ്‌നങ്ങളും വ്യക്തമായി വിവരിക്കുന്നുണ്ട്. ഇവിടെയാണ് കഥ ആരംഭിക്കുന്നതും.
2018 ല്‍ തിരക്കഥയും സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും സിനിസ്താന്‍ സ്‌റ്റോറി ടെല്ലര്‍ മത്സരത്തില്‍ ഈ തിരക്കഥ റണ്ണര്‍ അപ്പ് ആകുകയും ചെയ്തിരുന്നു. മൂടുപടം ധരിച്ച് ആളുകളെ മാറുന്ന കഥാതന്തു കഥപറച്ചിലിന്റെ ക്ലാസിക്കല്‍ രീതികളിലൊന്നാണെന്നും ഷേക്‌സ്പിയര്‍, അലക്‌സാണ്ടര്‍ ഡ്യുമസ്, രബീന്ദ്രനാഥ ടാഗോര്‍ എന്നിവരടക്കം അവംലബിച്ചിരുന്നതായും കഥാകൃത്ത് തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നു.
ALSO READ: അജിത് മുതല്‍ മഹേഷ് ബാബു വരെ; ഗജിനിയിലെ നായകനെ വേണ്ടെന്നു വെച്ചത് പന്ത്രണ്ടോളം താരങ്ങള്‍
ലാപതാ ലേഡീസിന്റെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും രംഗങ്ങളുമെല്ലാം വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ സത്യസന്ധമായ പ്രതിഫലനമാണ്. ഒപ്പം ലിംഗ വിവേചനം, അസമത്വം, ഗ്രാമീണ അധികാരം, പുരുഷ മേധാവിത്വം എന്നിവയുടെ സൂക്ഷ്മതകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ഇതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം നൂറ് ശതമാനം ഒറിജിനല്‍ ആണെന്ന് പറഞ്ഞാണ് ബിപ്ലബ് ഗോസ്വാമി കുറിപ്പ് അവസാനിപ്പിക്കുന്നത്. കോപ്പിയടി ആരോപണങ്ങള്‍ എഴുത്തുകാരനെന്ന നിലയില്‍ തന്റെ അധ്വാനത്തെ വിലകുറച്ചു കാണുന്നതും സിനിമയുടെ അണിയറ പ്രവർത്തകരുടെ പ്രയത്‌നത്തെ നിരാകരിക്കുന്നതാണെന്നും പറഞ്ഞു.
ബിപ്ലബിന്റെ പോസ്റ്റ് സിനിമയുടെ സംവിധായിക കിരണ്‍ റാവുവും ഷെയര്‍ ചെയ്തിട്ടുണ്ട്.