പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാന്‍ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിജയ്‌യുടെ പ്രതികരണം
തമിഴ്നാടിന് നല്ല നേതാക്കളെ ആവശ്യമുണ്ടെന്ന് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തമിഴ്നാട്ടിലെ 236 നിയോജക മണ്ഡലങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാന്‍ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിജയ്‌യുടെ പ്രതികരണം. വിദ്യാസമ്പന്നരായ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് നേതാക്കളാകണമെന്നും വിജയ് ആഹ്വാനം ചെയ്തു. തമിഴ്നാട്ടില്‍ ജാതി അധിഷ്‌ഠിത ആക്രമണങ്ങൾ നേരിട്ട നാങ്കുനേരിയിൽ നിന്നുള്ള ചിന്നദുരൈ എന്ന വിദ്യാർഥിയുടെ അരികില്‍ വിജയ്ക്ക് ഇരിപ്പിടം ഒരുക്കിയത് ശ്രദ്ധേയമായി.
“എല്ലാ മേഖലകളും നല്ലതാണ്. ഇഷ്ടമുള്ള മേഖലകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ 100 ശതമാനം പ്രയ്തനവും നല്‍കി പ്രവർത്തിച്ചാൽ നമ്മൾ വിജയിക്കും. തമിഴ്നാട്ടില്‍ ലോകനിലവാരത്തിലുള്ള ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്ളതുപോലെ നല്ല നേതാക്കളെ നാടിന് ആവശ്യമുണ്ട്. രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, എല്ലാ മേഖലയിലും നല്ല നേതാക്കള്‍ ഉണ്ടാകണം. ഭാവിയില്‍ രാഷ്ട്രീയവും ഒരു നല്ല കരിയറായി വരണമെന്നാണ് എന്‍റെ ആഗ്രഹം. വിദ്യാസമ്പന്നരായവര്‍ രാഷ്ട്രീയത്തില്‍ വന്ന് നേതാക്കളാകണം. മാധ്യമങ്ങള്‍ നല്ലവരെ മോശാക്കാരാക്കിയും മോശക്കാരെ നല്ലവരാക്കിയും ചിത്രീകരിക്കുന്നു. വിദ്യാര്‍ഥികളായ നിങ്ങള്‍ ഇതെല്ലാം മനസിലാക്കിയശേഷം ഏതാണ് ശരി, ഏതാണ് തെറ്റെന്ന് വിശകലനം ചെയ്യാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കണം. അപ്പോഴാണ് നമ്മുടെ നാടിന്‍റെയും നാട്ടുകാരുടെയും യഥാര്‍ഥ പ്രശ്നങ്ങളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണങ്ങളിലെ തെറ്റും ശരിയും മനസിലാക്കാന്‍ സാധിക്കൂ. അത് മനസിലാക്കി നല്ല നേതാക്കളെ തിരഞ്ഞെടുക്കാനുള്ള കഴിവ് ഉണ്ടാക്കുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം"- വിജയ് വിദ്യാര്‍ഥികളോട് പറഞ്ഞു.
തമിഴ്നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതില്‍ ആശങ്കയുണ്ടെന്നും വിജയ് പറഞ്ഞു.
"മാതാപിതാക്കളേക്കാള്‍ കൂടുതല്‍ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുന്ന സമയമാണ് ഇനി വരുന്നത്. അതുകൊണ്ട് നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. ദുശീലങ്ങള്‍ ഉള്ളവരുമായി കൂട്ടുകൂടാതിരിക്കുക, സാധിക്കുമെങ്കില്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരിക. നിങ്ങളുടെ വ്യക്തിത്വത്തെ ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. തമിഴ്നാട്ടില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നതായി കണ്ടുവരുന്നു, പ്രത്യേകിച്ച് യുവാക്കളില്‍. ഒരു രക്ഷിതാവെന്ന നിലയിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലും ഭയപ്പെടുത്തുന്ന കാര്യമാണിത്. ലഹരിവസ്തുക്കളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടത് ഭരണകൂടമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ ഭരിക്കുന്നവര്‍ അത് മറക്കുന്നു, അതിനെക്കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ സംസാരിക്കുന്നില്ല. അതിനുള്ള വേദിയല്ല ഇത്. ചില സമയം ഭരണകൂടത്തേക്കാള്‍ നമ്മളെ സംരക്ഷിക്കേണ്ട കടമ നമുക്ക് തന്നെയാണുള്ളത്. താല്‍കാലിക ആനന്ദങ്ങളോടും ലഹരി വസ്തുക്കളോടും നോ പറയാന്‍ എല്ലാവരും പ്രാപ്തരാകണം"- വിജയ് പറഞ്ഞു.
അടുത്തിടെ 64 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയുടെ പ്രതികരണം. ദുരന്തത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ വിജയ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും വിജയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കാശ് വാങ്ങി വോട്ട് ചെയ്യിക്കുന്ന പ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ് വിജയ് അന്ന് സംസാരിച്ചത്. സിനിമാ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ പ്രതികരണങ്ങള്‍ തമിഴകത്ത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.