രാത്രിയോട് കൂടിയാകും ഇരുമുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തുക.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേരളത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇന്ന് കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം ചര്‍ച്ച നടന്നേക്കും. കോട്ടയം കുമരകത്ത് ആണ് ഇരുമുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തുക. വൈക്കം തന്തൈ പെരിയോര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്.
വൈകുന്നേരം തിരുവനന്തപുരത്തെ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രി കുമരകത്തേക്ക് എത്തിച്ചേരുക. അതിന് ശേഷം രാത്രിയോട് കൂടിയാകും ഇരുമുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തുക.
ALSO READ: റീല്‍സ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; വാഹനങ്ങളും ഓടിച്ചവരും പൊലീസ് കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിയമസഭയില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയിലാണ് ഇന്ന് കേരളത്തിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചര്‍ച്ചയിലെ മുഖ്യ അജണ്ട മുല്ലപ്പെരിയാര്‍, നദീ സംയോജനം തുടങ്ങിയവയായിരിക്കുമെന്നാണ് കരുതുന്നത്.
ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ രാവിലെ രണ്ട് മുഖ്യമന്ത്രിമാരും ഒരുമിച്ചായിരിക്കും വൈക്കത്തേക്ക് പുറപ്പെടുക. വൈക്കത്ത് തന്തൈ പെരിയോര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പൊതുസമ്മേളനത്തിലും ഇരുവരും പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ രണ്ട് മുഖ്യമന്ത്രിമാരും കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റു മന്ത്രിമാരും പങ്കെടുക്കും.