കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ചർച്ച നടത്തുമെന്നും ട്രംപ് ഇന്ന് വ്യക്തമാക്കി
മെക്സിക്കോയ്ക്കു മേൽ ചുമത്തിയ ഇറക്കുമതി തീരുവ താൽക്കാലികമായി നിർത്തിവെയ്ക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റ് ഡേൊണാൾഡ് ട്രംപ്. ഒരുമാസത്തേക്ക് ഉയർന്ന നികുതി നിർത്തിവെയ്ക്കുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. വിഷയത്തിൽ ധാരണയായതായി വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. ക്ലോഡിയ ഷെയിൻബോമുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപിൻ്റെ തീരുമാനം.
വ്യാപര യുദ്ധത്തിൽ ട്രംപ് തൻ്റെ കടുംപിടുത്തം വിടുന്നുവെന്ന് വ്യക്തമാവുന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ചർച്ച നടത്തുമെന്നും ട്രംപ് ഇന്ന് വ്യക്തമാക്കി. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയതിൽ വൈറ്റ് ഹൗസ് വലിയ രീതിയിലുള്ള വിമർശനം നേരിട്ടിരുന്നു.
കുടിയേറ്റവും, ലഹരി കടത്തും നിയന്ത്രിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ചൈനയും കാനഡയും മെക്സിക്കോയും ഏറ്റെടുത്തിരുന്നു. ട്രംപിൻ്റെ നീക്കത്തിനെതിരെ തിരിച്ചടിക്കുമെന്ന് മെക്സിക്കോയും ചൈനയും പ്രഖ്യാപിച്ചപ്പോള്‍ യുഎസ് ഉത്പന്നങ്ങള്‍ക്കെതിരെ കാനഡ പ്രതികാര നികുതി ചുമത്തികഴിഞ്ഞു.
പ്രതികാര നടപടി എന്ന നിലയില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് നികുതി വർധിപ്പിക്കുമെന്ന് കാനഡയും മെക്സിക്കോയും പ്രഖ്യാപിച്ചിരുന്നു. 1,256 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചുകൊണ്ടാണ് കാനഡയുടെ പ്രതികരണം. ബിയർ, വൈൻ എന്നിവയുള്‍പ്പടെ ആകെ ഇറക്കുമതിയുടെ 17% വരുന്ന 115 ബില്യന്‍ ഡോളറിന്‍റെ ഉത്പന്നങ്ങളിലാണ് കാനഡ പ്രതികാര നികുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജനങ്ങളോട് ആവശ്യപ്പെട്ടു. 51-ാമത്തെ സ്റ്റേറ്റായി യുഎസിനൊപ്പം ചേർന്നാല്‍ നികുതി ഒഴിവാക്കാമെന്ന ട്രംപിന്‍റെ നിർദേശത്തെ പരിഹസിച്ച ട്രൂഡോ, ഒരു രാജ്യമായി തുടരാനാണ് കാനഡയുടെ തീരുമാനമെന്നും പ്രതികരിച്ചു.