ദിയോഗറിൽ നിന്നും 80 കിലോമീറ്റർ മാറി ജാർഖണ്ഡിലെ ഗോഡയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമാനവും 45 മിനിറ്റോളം പിടിച്ചിട്ടിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി
വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറു മൂലം ജാർഖണ്ഡില്‍ നിന്നുള്ള മടങ്ങാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിയോഗർ വിമാനത്താവളത്തില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ വിമാനത്തിനു സാങ്കേതിക തകരാർ നേരിട്ടത്. തകരാർ പരിഹരിക്കുകയോ മറ്റൊരു വിമാനം ന്യൂഡൽഹിയിൽ നിന്ന് ദിയോഗറിലേക്ക് അയക്കുന്നതുവരെയോ പ്രധാനമന്ത്രിക്ക് ജാർഖണ്ഡില്‍ തുടരേണ്ടിവരും.
ബിർസ മുണ്ടയുടെ ജന്മ വാർഷികമായ 'ജനജാതീയ ഗൗരവ് ദിവസിനോട് അനുബന്ധിച്ചു നടന്ന രണ്ട് റാലികളെ അഭിസംബോധന ചെയ്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു പ്രധാനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ദിയോഗറിൽ നിന്നും 80 കിലോമീറ്റർ മാറി ജാർഖണ്ഡിലെ ഗോഡയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമാനവും 45 മിനിറ്റോളം പിടിച്ചിട്ടിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും അനുമതി കിട്ടാന്‍ വൈകിയതാണ് കാരണം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ തടസപ്പെടുത്താനായി ബോധപൂർവമാണ് കാലതാമസം വരുത്തിയതെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. പ്രധാനമന്ത്രിയുടെ ദിയോഗറിലെ പരിപാടിക്ക് അധിക പ്രാധാന്യം കല്‍പ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 45 മിനിറ്റുകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിനു പറക്കാനുള്ള അനുവാദം ലഭിച്ചത്.
Also Read: ഡൽഹിയിൽ ജിആർഎപി മൂന്ന് നിയന്ത്രണങ്ങൾ; സ്കൂളുകൾ ഓൺലൈനായി മാറും
ഭരണപക്ഷമായ ജാർഖണ്ഡ് മുക്തി മോർച്ചയേയും രാഹുല്‍ ഗാന്ധിയേയും വിമർശിച്ചായിരുന്നു റാലികളിലെ പ്രധാനമന്ത്രിയുടെ പ്രസംഗം. രാഹുലിനെ 'രാജകുമാരന്‍' എന്നാണ് പ്രധാനമന്ത്രി പരിഹാസത്തോടെ വിശേഷിപ്പിച്ചത്. കൂടാതെ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളെ തളർത്താനായി അവർക്ക് ലഭിക്കേണ്ട സംവരണം രാഹുല്‍ ഇല്ലാതാക്കിയെന്നും നരേന്ദ്ര മോദി ആരോപിച്ചു.
81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 20നാണ്. സംസ്ഥാനത്തെ വോട്ടെണ്ണൽ നവംബർ 23 നു നടക്കും.